മഴയുടെ ശക്തി കുറയുന്നു, നാളെ എവിടേയും ഓറഞ്ച് അലർട്ട് ഇല്ല..3 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം∙ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെകേരളത്തിൽ ഒരിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്. എന്നാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ മഴ വീണ്ടും നേരിയ തോതിൽ സജീവമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ മഴ വീണ്ടും വടക്കൻ ജില്ലകളിലേക്ക് മാത്രമായി ചുരുങ്ങും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 4 വരെയും കർണാടക തീരത്ത് ജൂലൈ 5 വരെയും മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റടിച്ചേക്കാം. ഇതിനു പുറമെ ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങളിലും കന്യാകുമാരി പ്രദേശത്തും ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഒമാൻ, സോമാലിയൻ തീരങ്ങളിലും അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവർഷത്തിൽ 34 ശതമാനം മഴക്കുറവ്
കഴിഞ്ഞ ജൂൺ മാസം സംസ്ഥാനത്ത് വലിയ മഴക്കുറവാണ് രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട മഴയിൽ 34 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. ജൂണിൽ ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 66 ശതമാനം മഴ മാത്രമാണ് കേരളത്തിൽ പെയ്തത്. പസഫിക് സമുദ്രത്തിൽ 'എൽ നിനോ' പ്രതിഭാസം ഘട്ടംഘട്ടമായി ശക്തമാകുന്നതാണ് ഇതിന് കാരണം. ജൂലൈ മാസത്തിലും കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയേ ലഭിക്കൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. എങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദ്ദത്തിന്റെ ഫലമായി ജൂലൈ പകുതി വരെ സംസ്ഥാനത്ത് പരക്കെ ഇടവിട്ടുള്ള മിതമായ മഴയും ശക്തമായ കാറ്റും ലഭിക്കും. വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. എന്നാൽ ജൂലൈ പകുതിക്ക് ശേഷം മഴ വീണ്ടും കുറയാനാണ് സാധ്യത. സെപ്റ്റംബറോടെ എൽ നിനോ കൂടുതൽ ശക്തമാകുന്നത് കാലവർഷത്തിന്റെ രണ്ടാം പകുതിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications