മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോടും ഓറഞ്ച് അലർട്ട്..11 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട് ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ കണ്ണൂരും കാസർഗോഡ് ജില്ലയിലും മാത്രമായിരുന്നു ഓറഞ്ച് അലർട്ട്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട്.

ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും വ്യാഴാഴ്ച തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരേന്ത്യയിൽ കാലവർഷം ഉടൻ സജീവമാകും; ഡൽഹിയിൽ മഴ ജൂലൈ നാലിന് എത്തും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത ആറ് ദിവസങ്ങൾക്കുള്ളിൽ കാലവർഷം കൂടുതൽ ശക്തമാകാൻ സാഹചര്യമൊരുങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് . അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ മൺസൂൺ വടക്കൻ അറബിക്കടൽ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ നിലവിലെ സാഹചര്യങ്ങൾ അനുകൂലമായി തുടർന്നാൽ ജൂലൈ നാലോടെ മാത്രമേ ഡൽഹിയിൽ കാലവർഷം സജീവമാകാൻ സാധ്യതയുള്ളൂവെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് വ്യക്തമാക്കുന്നത്. സാധാരണയായി ജൂൺ 27, 28 തീയതികളിൽ ഡൽഹിയിൽ എത്താറുള്ള മൺസൂൺ ഇത്തവണ ഒരാഴ്ചയോളം വൈകാനാണ് സാധ്യത.പാകിസ്താനിൽ നിന്നുള്ള വരണ്ട പടിഞ്ഞാറൻ കാറ്റും അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ തെക്കുപടിഞ്ഞാറൻ കാറ്റും തമ്മിലുള്ള സമ്പർക്കം മൂലമാണ് മഴ വൈകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഡൽഹിയിൽ താപനിലയും ഈർപ്പവും ഉയരാൻ കാരണമായിട്ടുണ്ടെങ്കിലും പരക്കെ മഴ നൽകാൻ തക്ക ഈർപ്പം അന്തരീക്ഷത്തിലില്ല. മേഘങ്ങൾ സാധാരണയായി വൈകുന്നേരങ്ങളിൽ മാത്രം രൂപപ്പെടുന്നതിനാൽ പകൽ സമയത്തെ ചൂടിന് കുറവില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രാവെന്ന റെക്കോർഡും ഡൽഹി കഴിഞ്ഞ ദിവസം കുറിച്ചു.
അതേസമയം, ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഉഷ്ണതരംഗം തുടരുകയാണ്. പ്രയാഗ്‌രാജിൽ 43.4 ഡിഗ്രി സെൽഷ്യസും ലക്നൗവിൽ 39.7 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഇതോടൊപ്പം കിഴക്കൻ ഉത്തർപ്രദേശിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അടുത്തമാസം രണ്ടാം തീയതിയോടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയെ ബാധിക്കുന്ന പുതിയ പശ്ചിമ അസ്വസ്ഥതയുടെ (Western Disturbance) ഫലമായി ഹിമാചൽ പ്രദേശിൽ ജൂലൈ നാല് വരെ മഴ തുടരുമെന്നാണ് ഷിംല കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയെങ്കിലും ജമ്മു സമതലങ്ങളിൽ ഇന്ന് പ്രീ-മൺസൂൺ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications