മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ ഇത് അഞ്ച് ജില്ലകളിലായിരുന്നു.: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
24 മുതൽ 26 വരെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മൂന്ന് ചക്രവാതച്ചുഴി
തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി(cyclonic circulation) നിലനിൽക്കുന്നുണ്ട്. കൂടാതെ
മധ്യ-കിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായും മറ്റൊരു ചക്രവാതചുഴിയും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ മൂന്നാമതൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ചക്രവാതചുഴിയിൽ നിന്ന് കേരളം, തെക്കൻ തമിഴ്‌നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും (trough) രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിൻ്റെ ഫലമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications