കനത്ത മഴയിൽ വെള്ളക്കെട്ടിലായി കോഴിക്കോട് നഗരം.. തോടായി പ്രധാന റോഡുകൾ
Recommended Video

കോഴിക്കോട്: കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുന്നതോടെ കേരളമൊന്നാകെ വന്‍ ദുരിതത്തെ അഭിമുഖീകരിക്കുകയാണ്. മധ്യ കേരളവും മലബാറും തെക്കന്‍ കേരളവും ഒരുപോലെ മഴക്കെടുതിക്ക് സാക്ഷിയായിക്കൊണ്ടിരിക്കുന്നു.
മലബാറില്‍ ഏറ്റവും അധികം ദുരിതത്തിലായിരിക്കുന്നത് വയനാട് ജില്ലയാണ്. കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. നഗരമൊന്നാകെ വെള്ളക്കെട്ടിലായിരിക്കുകയാണ്.

വെള്ളക്കെട്ടിൽ നഗരം
റോഡ് ഏതാണ് ഓടയേതാണ് എന്ന് മനസ്സിലാകാത്ത സ്ഥിതിയിലായിരിക്കുകയാണ് കോഴിക്കോട് നഗരം. മാവൂര്‍ റോഡിലും തൊണ്ടയാടുമടക്കം നഗരത്തിന്റെ പല ഭാഗത്തും വെള്ളം കയറിയിരിക്കുകയാണ്. ബസ്സുകള്‍ പലയിടത്തും സര്‍വ്വീസ് നടത്തുന്നില്ല. ബൈക്കുകളും കാറുകളും അടക്കമുള്ള സ്വകാര്യ വാഹനങ്ങളാണ് നിരത്തില്‍ കൂടുതലായുമുള്ളത്.

റോഡിൽ കുഴികൾ
റോഡിലെ വെള്ളത്തില്‍ വളരെ അപകടകരമായ നിലയ്ക്കാണ് ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ളവയുടെ പോക്ക്. വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡില്‍ പലയിടക്കം വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പല വാഹനങ്ങളും കുഴിയില്‍ വീണും മറ്റും വഴിയില്‍ കുടുങ്ങി. മരങ്ങള്‍ കടപുഴകി റോഡില്‍ വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പ് തുറന്നു
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളാണ് പ്രധാനമായും വെള്ളത്തിന് അടിയിലായിരിക്കുന്നത്. മാവൂരില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്. ആദ്യത്തെ വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവര്‍ നാല് ദിവസം മുന്‍പ് വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായതോടെയാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നത്.

വൈദ്യുതി തകരാറിൽ
ബാലുശ്ശേരി റോഡ്. മാവൂര്‍ റോഡ്, രാജാജി ജംഗ്ഷന്‍, ശ്രീകണ്‌ഠേശ്വരം ക്ഷേത്രം റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടായിരുന്നു. പൂവാട്ടുപറമ്പ്, കുറ്റിക്കാട്ടൂര്‍ ഭാഗത്തും റോഡില്‍ വെള്ളം കയറിയിരിക്കുകയാണ്. ബീച്ച്, വെള്ളിമാട് കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ റോഡിലേക്ക് മരം വീണു. നഗരത്തില്‍ പലയിടത്തും വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായിരിക്കുകയാണ്.

ജില്ലകളിൽ റെഡ് അലേർട്ട്
കോഴിക്കോട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം അടക്കമുള്ള വടക്കന്‍ കേരളത്തിലെ ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഈ മാസം പതിനെട്ട് വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications