ഇന്നും മഴ തന്നെ: 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്..7 ജില്ലകളിൽ യെല്ലോ, ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്. കനത്ത ഇടിമിന്നലിനും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതയുള്ളതിനാൽ രാത്രികാല യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
ഏഴ് ജില്ലകളിൽ മഞ്ഞ ജാഗ്രതയും ഉണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്.

മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായും വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായും രണ്ട് ചക്രവാതച്ചുഴികൾ നിലകൊള്ളുന്നുണ്ട്.. ഇതിന്റെ സ്വാധീനത്താൽ ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മാത്രമല്ല കേരളത്തിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
കടലിൽ പോകരുത്; കർശന വിലക്ക്
കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കർശനമായ മുൻകരുതൽ നിർദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 2 വരെയും, കർണാടക തീരത്ത് ജൂലൈ 3 വരെയും മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തി. തീരപ്രദേശങ്ങളിൽ വൻ തിരമാലകൾക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടൽത്തീരങ്ങളിലേക്കുള്ള യാത്രകളും പൂർണ്ണമായി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
കേരളത്തിന് പുറമേ കൊങ്കൺ, ഗോവ തീരങ്ങളിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും ഇന്ന് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ഇന്ന് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കാം. നാളെ മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സോമാലിയൻ തീരം, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ-ശ്രീലങ്കൻ തീരങ്ങൾ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നും ഗുജറാത്ത്, കൊങ്കൺ തീരങ്ങളിൽ മോശം കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications