സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചില്‍, മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇടുക്കി, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തോരാമഴയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയും കാറ്റും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം കാരിക്കാട് ടോപ്പില്‍ മണ്ണിടിഞ്ഞു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞത് കാറുകള്‍ക്ക് മുകളിലേക്കാണ്. ആര്‍ക്കും കാര്യമായ പരിക്കില്ല.
ഇടുക്കിയിലെ വട്ടവടയിലുള്ള കൊട്ടക്കമ്പൂര്‍ അമ്മന്‍ കോവിലിന് സമീപം ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സഹോദരങ്ങള്‍ മരിച്ചു. ചിന്നമ്മ, ബാലചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാരിയമ്മ പരിക്കുകളോടെ ആശുപത്രിയിലാണ്. ബാലചന്ദ്രന്റെ ഭാര്യയാണ് മാരിയമ്മ. കൃഷി ഭൂമിയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ ശക്തമായ മഴയെ തുടര്‍ന്ന് ഷെഡിലേക്ക് കയറിയപ്പോഴാണ് ദുരന്തം. ഏറെ നേരത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. കോട്ടയത്ത് വാഗമണ്‍, തീക്കോയി, തലനാട് എന്നിവിടങ്ങളില്‍ മണിക്കൂറുകളായി ശക്തമായ മഴയാണ്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് ശക്തമായ മഴ.
മലയോര മേഖലയിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം എന്ന് നിര്‍ദേശമുണ്ട്. ഇടുക്കിയിലും കോട്ടയത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തേക്കാം. ഇടിമിന്നലും സാധ്യതയുണ്ട്.
മലപ്പുറത്ത് നാലു പേര്‍ ഒഴുക്കില്‍പ്പെട്ടു
മലപ്പുറം ടികെ കോളനിയില്‍ കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. ചോക്കാട് ഒളര്‍വട്ടം കടവിലാണ് ഞായറാഴ്ച വൈകീട്ടാണ് മഴവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലാണ് മലവെള്ളപ്പാച്ചില്‍.
വനമേഖലയില്‍ പെയ്ത മഴയാണ് പുഴയില്‍ ഒഴുക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. കാണാതായവര്‍ക്ക് വേണ്ടി നാട്ടുകാരും ഉദ്യോഗസ്ഥരും തിരച്ചില്‍ തുടരുകയാണ്. നിരവധി സഞ്ചാരികള്‍ എത്തുന്ന പ്രദേശമായതിനാല്‍ ആരാണ് ഒഴുക്കില്‍പ്പെട്ടത് എന്ന് വ്യക്തമല്ല. നിലമ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്.


Click it and Unblock the Notifications
