ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. വെള്ളിയാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
മൺസൂൺ പാത്തി നിലവിൽ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുകയാണ്. ആഗസ്റ്റ് പതിനെട്ടോടെ (18-08-2023) തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് പറയുന്നത് .

തെക്ക് - കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്..
അതേസമയം, ഇത്തവണ സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചിട്ടില്ല.. അടുത്ത രണ്ട് മാസങ്ങളിൽ സംസ്ഥാനത്ത് കാര്യമായി മഴ പെയ്യാൻ സാധ്യത ഇല്ലെന്നാണ് വിവരം. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലി മീറ്റർ മഴ ആയിരുന്നു. എന്നാൽ 44 ശതമാനം കുറവ് മഴ ആണ് ഇത്തവണ ലഭിച്ചത്. ഓഗസ്റ്റ് ഒന്ന് മുതൽ 15 വരെ 254. 6 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 25. 1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മഴ ഇല്ലാത്തത് കൊണ്ട് തന്നെ വൈദ്യതി പ്രസന്ധി രൂക്ഷമാകാനാണ് സാധ്യത.
ഇന്നലെ വരെ 155.6 സെന്റി മീറ്റർ മഴ ലഭിക്കേണ്ടതിന് പകരം ലഭിച്ചത് 87. 7 സെന്റി മീറ്റർ മാത്രം ആണ്. അതേസമയം മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഓഗസ്റ്റിൽ ആണെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ മാസം പകുതി കഴിഞ്ഞിട്ടും ലഭിക്കേണ്ട മഴയുടെ 10 ശതമാനം ആണ് പെയ്തത്. വരും ദിവസങ്ങളിൽ ബാക്കി 90 ശതമാനം ലഭിക്കാൻ സാധ്യത ഇല്ല, സെപ്റ്റംബറിൽ സാധാരണ മഴ കുറവാണ് പെയ്യാറ്, ഇത്തവണയും മാറ്റം ഉണ്ടാവില്ല എന്നാണ് വിലയിരുത്തുന്നത്












Click it and Unblock the Notifications