സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. അതേസമയം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
30 മുതൽ 40 മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശമുണ്ട്.

തെക്കൻ കർണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതിയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആവാനും സാധ്യത ഉണ്ട്. ഇതോടൊപ്പം മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഈ വർഷം തെക്ക്- പടിഞ്ഞാറൻ മൺസൂൺ സാധാരണ എത്താറുള്ളതിനെക്കാൾ വൈകിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇത്തവണ ജൂൺ 4 നാണ് കാലവർഷം എത്തുന്നത്. സാധാരണ ജൂൺ ഒന്നിന് ആണ് തെക്ക്-പടിഞ്ഞാറൻ കാലാവസ്ഥ രേകളത്തിൽ എത്തേണ്ടത്. കഴിഞ്ഞ വർഷം മെയ് 29 നായിരുന്നു കേരളത്തിൽ കാലവർഷം ആരംഭിച്ചിരുന്നത്. 2021 ൽ ജൂൺ 3 നാണ് കാലവർഷം എത്തിയത്. 2020 ൽ ജൂൺ ഒന്നിനായിരുന്നു കാലവർഷം എത്തിയത്.












Click it and Unblock the Notifications