വിഷു വെള്ളത്തിലാകുമോ? വിഷുവിനും തലേന്നും മഴയ്ക്ക് സാധ്യത.. ഇന്ന് രാത്രി 11.30 ശ്രദ്ധിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു ദിനത്തിൽ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 14 നും വിഷു ദിനമായ 15 നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത ഉണ്ട് എന്നാണ് പ്രവചനം. ഒപ്പം 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തിൽ തിരമാലയുടെ വേഗത 05 - 25 സെൻ്റിമീറ്റർ/സെക്കൻ്റ് വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം ഉണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കേരളത്തിൽ ഇത്തവണ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് ആദ്യഘട്ട കാലവർഷ പ്രവചനം വ്യക്തമാക്കുന്നത്. മദ്ധ്യ തെക്കൻ കേരളത്തിൽ ഇത്തവണ സാധാരണ മഴയിൽ കൂടുതൽ ലഭിക്കും. എന്നാൽ വടക്കൻ കേരളത്തിൽ സാധാരണയോ അല്ലെങ്കിൽ അതിലും താഴെയോ മഴ ലഭിക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ആദ്യഘട്ട പ്രവചനം നടത്തിയത്. വരും ദിവസങ്ങളിൽ വേനൽ മഴ കുറഞ്ഞേക്കുമെന്നും പ്രവചനമുണ്ട്. എന്നാൽ കേരളത്തിലെ താപനില ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് പാലക്കാടും വെള്ളാനിക്കരിയിലുമാണ്. 38 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
എന്നാൽ മെയ് മാസത്തിൽ പെയ്യുന്ന മഴകൂടി കണക്കിലെടുത്ത് മാത്രമെ കാലവർഷത്തെ പൂർണമായി വിലയിരുത്താനാവുകയുള്ളുവെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത ആഴ്ച വേനൽമഴ തിരികെയെത്തുകയാണെങ്കിൽ ചൂടിന് ശമനമുണ്ടാകുമെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞത്.












Click it and Unblock the Notifications