സംസ്ഥാനത്ത് മഴ തുടരുന്നു; ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴ ശക്തിപ്പെടാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കനത്ത മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവ ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ട്. അത് കൊണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം
കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 13- 10 - 2023 രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കുക












Click it and Unblock the Notifications