തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി; കേരളത്തിൽ ശനിയും ഞായറും ശക്തമായ മഴ; മുന്നറിയിപ്പ് ഈ ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും മഴ ശക്തം ആകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
തെക്കൻ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടത് കൊണ്ട് തന്നെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലേർട്ട്. ഞായറാഴ്ച എട്ട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാൺ യെല്ലോ അലേർട്ട് നിലവിൽ പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ആണ് ഉള്ളത്.
24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സഹാചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥം ആക്കുന്നത്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് അറിയിപ്പ്.
മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നുംം അറിയിപ്പിൽ പറയുന്നു.
ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ആണ്. പത്തനംതിട്ടയിൽ തുലാവർഷത്തിൽ ആകെ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും, തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു,
ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിിലും സാധാരണ പെയ്യുന്നതിനെക്കാളും കൂടുതൽ മഴ ഇതിനകം ലഭിച്ചു, വയനാട് ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. കാല വർഷത്തിൽ 55 ശതമാനം ആയിരുന്ന മഴക്കുറവ് ഉണ്ടായത്, എന്നാൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34 ശതമാനം ആണ് മഴയിൽ കുറവ് വന്നത്.












Click it and Unblock the Notifications