കേരളത്തിൽ ഞായറാഴ്ചയും മഴ തന്നെ; ഈ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തിങ്കളാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും
ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.
വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി 'അസ്ന' ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നുണ്ട്. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന'ഞായറാഴ്ച രാവിലെവരെ ചുഴലിക്കാറ്റായി തുടരും. തുടർന്നു സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാനാണ് സാധ്യത.

വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട് . ഇന്ന് അർദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം ഇത് കരയിൽ പ്രവേശിച്ചേക്കും.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സെപ്റ്റംബർ4 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യതൊഴിലാളി ജാഗ്രത നിർദേശം
വടക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ, തെക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ, ഗുജറാത്ത് തീരം, മഹാരാഷ്ട്രാ തീരം, കൊങ്കൺ, ഗോവ തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങളും, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആന്ധ്രാപ്രദേശ് തീരം, ഒഡിഷാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications