മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ ആറു പേരെ കാണാതായി; 3 മൃതദേഹങ്ങള്‍ ലഭിച്ചു, തിരച്ചില്‍ രാവിലെ തുടരും
മലപ്പുറം ചേക്കോട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മൂന്നു പേരെ കാണാതായിട്ടുണ്ട്. കോട്ടയ്ക്കല്‍ സ്വദേശി മങ്ങാടന്‍ അനസിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. സ്ത്രീ പ്രദേശവാസിയാണ് എന്നാണ് കരുതുന്നത്. ആറു പേരെ കാണാതിയിട്ടുണ്ടെന്ന് മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. രാത്രി പുഴയില്‍ ഇറങ്ങിയുള്ള തിരച്ചില്‍ നിര്‍ത്തിയെന്നും രാവിലെ ആറ് മണിക്ക് വീണ്ടും തുടരുമെന്നും മന്ത്രി പറഞ്ഞു.
വണ്ടൂരില്‍ നിന്നുള്ള രണ്ടുപേര്‍, കരുവാരകുണ്ടില്‍ നിന്നുള്ള ഒരാള്‍, കോട്ടക്കലിലെ രണ്ടുപേര്‍, പ്രദേശവാസിയായ യുവതി എന്നിവരാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത് എന്ന് അനില്‍കുമാര്‍ പറഞ്ഞു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്താറുണ്ട്. അതുകൊണ്ടാണ് കാണാതായവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായത്. മലയുടെ മുകളില്‍ മഴ പെയ്തിരിക്കാമെന്നും അതുകൊണ്ടാണ് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായത് എന്നും പ്രദേശവാസികള്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. കോട്ടയം ഇടുക്കി ജില്ലകളില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. വട്ടവടയ്ക്ക് അടുത്ത് ഷെഡ് തകര്‍ന്ന് വീണ് ദമ്പതികള്‍ മരിച്ചു. കോട്ടയത്തും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. വാഗമണ്‍ റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായി. വാഹനങ്ങള്‍ക്ക് അരികിലേക്കാണ് മണ്ണിടിഞ്ഞത്. ഇതില്‍ ആര്‍ക്കും പരിക്കില്ല. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് നിര്‍ദേശമുണ്ട്.
മഴ കനക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മണിക്കൂര്‍ ഇടവിട്ട് വിലയിരുത്താന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ദേശം നല്‍കി. കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാരുടെ യോഗം വിളിച്ച് ദുരന്തനിവാരണ അതോറിറ്റി കമ്മീഷണല്‍ വിഗ്നേശ്വരി സ്ഥിതിഗതികള്‍ വിലയിരുത്തി. മലപ്പുറത്ത് മലവെള്ളപ്പാച്ചിലുണ്ടായ മേഖലയില്‍ ദുരന്ത നിവാരണ സംഘത്തെ വിന്യസിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.


Click it and Unblock the Notifications
