ചൂടുകൊണ്ട് ഉരുകില്ല, ഇന്നും നല്ല മഴ, ഇടിയും മിന്നും ഉണ്ടാകും..ഈ 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ കനക്കുക. ഇന്ന് ഇവിടങ്ങളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷം ജൂണോടെ തന്നെ,പക്ഷെ
ഈ വർഷത്തെ തെക്ക് പടിഞ്ഞാറൻ കാലവർഷം സമയബന്ധിതമായി തന്നെ കേരള തീരത്തെത്താൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജൂൺ ആദ്യവാരത്തോടെ കാലവർഷം കേരളത്തിൽ പ്രവേശിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി മെയ് 14 മുതൽ 20 വരെ ആന്തമാൻ നിക്കോബാർ മേഖലയിൽ കാലവർഷത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ കാലവർഷത്തിന്റെ വരവ് രാജ്യത്തെ മുഴുവൻ മഴസീസണിന്റെയും പ്രധാന സൂചനയായാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി ജൂൺ ആദ്യവാരത്തിൽ കേരളത്തിലെത്തുന്ന കാലവർഷം പിന്നീട് ഘട്ടംഘട്ടമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. ജൂലൈയോടെ ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മഴ സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തിന്റെ വാർഷിക മഴയുടെ ഏകദേശം 70 ശതമാനവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസങ്ങളിലൂടെയാണ് ലഭിക്കുന്നത്.
അതേസമയം എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാരണം 2026ലെ തെക്ക് പടിഞ്ഞാറൻ കാലവർഷം "സാധാരണയിൽ താഴെ" ആയേക്കാമെന്നാണ് ആദ്യ ദീർഘകാല പ്രവചനം. ദീർഘകാല ശരാശരിയുടെ (LPA) ഏകദേശം 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കൂവെന്നാണ് പ്രവചനം. കൂടാതെ മഴ കുറവോ സാധാരണയിൽ താഴെയോ ആകാൻ 66 ശതമാനം സാധ്യതയുണ്ടെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വരും മാസങ്ങളിൽ എൽനിനോ വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടത്രേ. ഇപ്പോൾ നിഷ്പക്ഷ സാഹചര്യമാണുള്ളത്. ഇത് മെയ്-ജൂൺ കാലയളവിൽ തുടരുമെന്നാണ് പ്രതീക്ഷ. എന്നാൽ ജൂലൈയോടെ എൽ നിനോ സാഹചര്യം വികസിക്കാനും അടുത്ത വർഷം ജനുവരി വരെ തുടരാനും സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
എന്താണ് എൽനിനോ?
കിഴക്ക്-മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ അസാധാരണ ചൂടുയര്ച്ച മൂലമാണ് എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നത്.ഇന്ത്യയിൽ, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ, എൽ നിനോ വർഷങ്ങൾ പലപ്പോഴും മഴക്കുറവും വരൾച്ചാ സാധ്യതയും ഉയർത്താറുണ്ട്. അതിനാൽ തന്നെ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധർ ജാഗ്രതാപൂർവമായ നിരീക്ഷണത്തിലാണ്. സാധാരണയായി എൽ നിന ഇന്ത്യയിൽ കൂടുതൽ മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഈ പ്രതിഭാസം ഇപ്പോൾ ശക്തി കുറഞ്ഞ നിലയിലായതിനാൽ, അതിന്റെ ഗുണപരമായ സ്വാധീനം കുറയാനാണ് സാധ്യത.
മൺസൂൺ സീസണിന്റെ രണ്ടാം പകുതിയായ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളോടെ എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ, തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പ്രധാന മഴ ലഭിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിന് സാധാരണ തോതിൽ മഴ ലഭിച്ചേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ സീസണിന്റെ അവസാന പകുതിയിൽ മഴയുടെ അളവ് കുറയാൻ സാധ്യതയുള്ളതിനാൽ, മൊത്തത്തിൽ സംസ്ഥാനത്ത് മഴക്കുറവ് അനുഭവപ്പെടാമെന്നും മുന്നറിയിപ്പുണ്ട്. അതായത്, മൺസൂൺ ആരംഭത്തിൽ വലിയ ആശങ്കകൾ ഇല്ലാത്തതുപോലെ തോന്നിച്ചാലും, ഓഗസ്റ്റ് മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കാമെന്നാണ് സൂചന.












Click it and Unblock the Notifications