ഇന്ന് മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്..ജാഗ്രത നിർദേശം..ഞായറാഴ്ച വരെ കനത്ത മഴ
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ മഴ കനക്കും; ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത, മൂന്ന് ദിവസം ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ തീരദേശ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതും തമിഴ്‌നാട് തീരത്തെ ചക്രവാതച്ചുഴി കടന്നുപോകുന്ന ന്യൂനമർദ പാത്തി (ഷിയർ സോൺ) ഭൂമധ്യരേഖയ്ക്ക് വടക്ക് 11 ഡിഗ്രി അക്ഷാംശത്തിന് സമീപം രൂപപ്പെട്ടിരിക്കുന്നതുമാണ് മഴ ശക്തമാകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഇതോടൊപ്പം തെക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനഫലമായി കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രവചനം.മലയോര മേഖലകളിലും മഴയുടെ തീവ്രത കൂടുതലാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും, മലമ്പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കാലവർഷത്തിന് തിരിച്ചടിയാകുമോ? എൽ നിനോ ശക്തിപ്പെടുന്നു; ഐഒഡി സാധാരണ നിലയിൽ
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിനിടെ എൽ നിനോ (El Niño) സാഹചര്യം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. എൽ നിനോ സതേൺ ഓസിലേഷൻ (ENSO) - ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) ബുള്ളറ്റിനിലാണ് ഈ വിലയിരുത്തൽ.
നിലവിൽ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ നിലനിൽക്കുകയാണ്. സമുദ്രോപരിതലത്തിലെ താപനില വർധനവിനോട് അന്തരീക്ഷം പ്രതികരിച്ചുകഴിഞ്ഞതിനാൽ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ ഇപ്പോൾ വ്യക്തമായ എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ജൂൺ മാസത്തോടെ പസഫിക് സമുദ്രത്തിലെ താപനില എൽ നിനോയുടെ പരിധി മറികടന്നതായും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ-മെയ്-ജൂൺ (AMJ) കാലയളവിലെ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എൽ നിനോ പരിധിയായ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയിട്ടുണ്ട്. ഇതോടെ കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) നിലവിൽ 'ന്യൂട്രൽ' അഥവാ സാധാരണ അവസ്ഥയിലാണ്. കാലവർഷം അവസാനിക്കുന്നതുവരെ ഈ ന്യൂട്രൽ സ്ഥിതി തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം (MMCFS) പ്രവചിക്കുന്നു.
സാധാരണയായി ശക്തമായ എൽ നിനോ ഇന്ത്യയിലെ മഴയുടെ വിതരണത്തെ സ്വാധീനിക്കാറുണ്ടെങ്കിലും, മറ്റ് കാലാവസ്ഥാ ഘടകങ്ങളും ഒരുമിച്ചാണ് മൺസൂണിന്റെ അന്തിമ സ്വഭാവം നിർണയിക്കുന്നത്. അതിനാൽ വരും മാസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദഗ്ധർ അറിയിച്ചു.












Click it and Unblock the Notifications