ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 4 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത
വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് 18 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം നാളേയും പ്രത്യേക മഴമുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് മഴ മാറി നിൽക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കുന്നതല്ലാതെ ശക്തമായ മഴ എവിടേയും രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾക്കുള്ള ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

നിർദേശങ്ങൾ ഇങ്ങനെ
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.


Click it and Unblock the Notifications