സംസ്ഥാനത്ത് വീണ്ടും അതിതീവ്രമഴ; മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ട്. . 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.
കേരളത്തിൽ കനത്ത മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ ഇപ്പോഴും ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലായി മറ്റൊരു ന്യൂനമർദവും ഉണ്ട്. ഇത് വരും മണിക്കൂറുകളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലും, പിന്നീട് ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്കും സഞ്ചരിക്കുമെന്നാണ് പ്രവചനം.
ഈ സാഹചര്യത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയും ജൂലൈ 12 വരെ കേരളത്തിലും മാഹിയിലും പരക്കെ നേരിയതോ ഇടത്തരമോ ആയ മഴയും ഉണ്ടായേക്കും. മഴയോടൊപ്പം തന്നെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്; കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വിലക്ക്, ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് നടപടി.
പ്രത്യേക ജാഗ്രതാ നിർദേശം:
ഇന്നും നാളെയും മധ്യ അറബിക്കടൽ അതിനോട് ചേർന്ന തെക്കൻ-വടക്കൻ അറബിക്കടൽ, സൊമാലിയ, ഒമാൻ തീരങ്ങൾ, അതിനോട് ചേർന്ന സമുദ്രഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.
നാളെ (തെക്കുപടിഞ്ഞാറൻ അറബിക്കടലിലും സമാനമായ രീതിയിൽ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. കനത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മുകളിൽ പറഞ്ഞിട്ടുള്ള സമുദ്രഭാഗങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി.












Click it and Unblock the Notifications