മഴ ഇന്നും കനക്കും; പത്തനംതിട്ടയിൽ റെഡ് അലർട്ട്, ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ കേന്ദ്രം. ഇന്നും പത്തനംതിട്ടയിൽ റെഡ് അലർട്ട് ആണ്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ സുരക്ഷാനടപടികൾ ശക്തമാക്കിയിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ ക്യാമ്പുകൾ തുറക്കാൻ നിർദേശം നൽകി. അവശ്യസ്ഥലങ്ങളിൽ മൈക്കിലൂടെ വിവരം കൈമാറണം. ആളുകളെ സ്ഥിതിഗതി വിലയിരുത്തി മാറ്റി പാർപ്പിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
കോന്നി, റാന്നി, അടൂർ, കോഴഞ്ചേരി താലൂക്കുകളിലായി ഇതിനോടകം തന്നെ 44 ക്യാമ്പുകൾ സജ്ജീകരിച്ചു. ഇവിടേക്ക് ആളുകളെ മാറ്റാൻ നിർദേശം നൽകി. ഇതോടൊപ്പം പ്രാദേശികമായ അടിയന്തര സാഹചര്യം വിലയിരുത്തിയും ആളുകളെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം.
18 വരെ എല്ലാ ക്വാറികളുടേയും പ്രവർത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റൽ, ആഴത്തിലുള്ള കുഴിക്കൽ, മണ്ണുമാറ്റൽ എന്നിവ നിരോധിച്ചു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര വൈകിട്ട് ഏഴുമുതൽ രാവിലെ ആറുവരെ നിരോധിച്ചിട്ടുണ്ട്.
അതേസമയം മഴ കനക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications