മഴ തുടരും:ഇന്ന് ഈ 6 ജില്ലകളിൽ യെല്ലോ അലർട്ട്..കേരളത്തിൽ കാലവർഷവും ഇക്കുറി നേരത്തേ
സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്.
വരും ദിവസങ്ങളിലേക്കും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

16 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടെയും ശക്തമായ കാറ്റോടെയും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് IMDയുടെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളത്തിലും മാഹിയിലും അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.
ഇതിനിടെ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ടിരുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ശക്തമായ ന്യൂനമർദമായി മാറിയിരിക്കുകയാമ്. ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റ് സ്വഭാവമുള്ള അന്തരീക്ഷ ചലനങ്ങളും സജീവമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
അതേസമയം, തെക്ക്-പടിഞ്ഞാറൻ കാലവർഷം ഇത്തവണ സാധാരണയെക്കാൾ നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന സൂചനകളും കാലാവസ്ഥാ വകുപ്പ് നൽകുന്നു. 16ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം പ്രവേശിക്കാൻ അനുകൂല സാഹചര്യമാണുള്ളത്.
നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ തുടർന്നാൽ ആൻഡമാൻ മേഖലയിൽ കാലവർഷം സാധാരണ തീയതിയേക്കാൾ അഞ്ചോ ആറോ ദിവസം മുൻപേ എത്താമെന്നാണ് ഐഎംഡിയുടെ വിലയിരുത്തൽ. സാധാരണയായി മെയ് 22-നാണ് ഈ മേഖലയിലേക്ക് മൺസൂൺ എത്താറുള്ളത്. കഴിഞ്ഞ വർഷം മെയ് 13-നായിരുന്നു കാലവർഷം ആദ്യം എത്തിയത്.
കേരളത്തിൽ ജൂൺ ഒന്നിനാണ് സാധാരണയായി തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിന്റെ ഔദ്യോഗിക തുടക്കം. അതാണ് ഇന്ത്യയിലെ നാല് മാസത്തെ പ്രധാന മഴക്കാല സീസണിന്റെ തുടക്കവും. എന്നാൽ ആൻഡമാൻ മേഖലയിലെ നേരത്തെയുള്ള മൺസൂൺ പ്രവേശനം രാജ്യമൊട്ടാകെ അതിവേഗ മഴയെയോ അധികമഴയെയോ ഉറപ്പാക്കുന്നതല്ലെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വാർഷിക മഴയിൽ 70 ശതമാനത്തിലധികവും ലഭിക്കുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലത്താണ്. ശരാശരി 880 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈ സീസൺ രാജ്യത്തിന്റെ കൃഷി മേഖലയ്ക്കും ജലസംഭരണികൾക്കും ഭൂഗർഭജല ശേഖരണത്തിനും വൈദ്യുതി ഉത്പാദനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നിർണായകമാണ്.
അതേസമയം, ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഐഎംഡിയുടെ ആദ്യ ദീർഘകാല പ്രവചനത്തിൽ രാജ്യത്തുടനീളം സാധാരണയെക്കാൾ കുറവ് മഴ ലഭിക്കാമെന്നായിരുന്നു വിലയിരുത്തൽ. 1971 മുതൽ 2020 വരെയുള്ള ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ഈ സീസണിൽ ലഭിക്കൂവെന്നാണ് അന്നത്തെ പ്രവചനം. എന്നാൽ ഇപ്പോഴത്തെ അന്തരീക്ഷ മാറ്റങ്ങളും ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥാ ചലനങ്ങളും മഴ സാധ്യത വീണ്ടും ശക്തമാക്കുകയാണ്.












Click it and Unblock the Notifications