എക്സിറ്റ് പോൾ ഫലങ്ങളിൽ നെഞ്ചിടിപ്പ്; വിമതരേയും സ്വതന്ത്രരേയും പാട്ടിലാക്കാൻ നീക്കവുമായി ബിജെപിയും കോൺഗ്രസും
ജയ്പൂർ: രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ വിമതരേയും സ്വതന്ത്രരേയും പാട്ടിലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കോൺഗ്രസും ബി ജെ പിയും. ഇതിനോടകം തന്നെ നേതാക്കൾ ചർച്ചകൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. സ്വതന്ത്രരായ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് സമീപിച്ചിരിക്കുന്നത്. അതേസമയം ബി ജെ പിയാകട്ടെ വിമതരായവരുമായി അനുനയത്തിനുള്ള നീക്കങ്ങൾ തുടങ്ങി. സ്ഥാനാർത്ഥികളോടെല്ലാവരോടും എല്ലാ രേഖകളുമായി തയ്യാറായിരിക്കണമെന്ന നിർദ്ദേശവും ബി ജെ പി നേതൃത്വം നൽകിയിട്ടുണ്ട്.
കടുത്ത വിമതശല്യമാണ് ഇത്തവണ ബി ജെ പി നേരിടുന്നത്. 25 ഓളം പേരാണ് ബി ജെ പി ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

അതേസമയം സർക്കാർ രൂപീകരിക്കാനാകുമെന്ന പൂർണ ആത്മവിശ്വാസം ഉണ്ടെന്നും സ്വതന്ത്രരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. എന്നാൽ ഇത്തവണ സംസ്ഥാനത്തെ പതിവ് തെറ്റില്ലെന്നും അധികാരം തിരിച്ചുപിടിക്കുമെന്നുമാണ് ബിജെപിയുടെ അവകാശവാദം. കോൺഗ്രസിന് അമിത ആത്മവിശ്വാസമാണെന്നും നേതാക്കൾ പരിഹസിച്ചു. കോൺഗ്രസിന്റെ ഭരണത്തിൽ ജനങ്ങൾ മടുത്തുവെന്നും ഇനി അവർ ബി ജെ പിക്ക് അവസരം നൽകുമെന്നും ബി ജെ പി നേതൃത്വം പറഞ്ഞു.
200 അംഗ സഭയാണ് രാജസ്ഥാനിലുള്ളത്. 100 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 2018 ൽ 100 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചിരുന്നത്. തുടർന്ന് സ്വതന്ത്രരടക്കമുള്ളവരുടെ പിന്തുണയോടെയാണ് സർക്കാർ അധികാരത്തിലേറിയത്. ഇത്തവണയും കേവല ഭൂരിപക്ഷം നേടുമെന്നും സംസ്ഥാനത്തെ ചരിത്രം തിരുത്തി ഭരണത്തുടർച്ച നേടുമെന്നുമാണ് കോൺഗ്രസ് പ്രതീക്ഷ പങ്കുവെയ്ക്കുന്നത്. എന്നാൽ പതിവ് തെറ്റില്ലെന്നും ഇത്തവണയും ബി ജെ പിക്കാണ് സാധ്യതയെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
ജന്‍ കീ ബാത്, ടൈംസ് നൗ-ഇ ടി ജി, പി-എം എ ആര്‍ ക്യു എന്നിവയാണ് ബി ജെ പിയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മറ്റ് സർവ്വെ ഫലങ്ങൾ ഇങ്ങനെ- ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ- കോൺഗ്രസ്-86-106, ബി ജെ പി -80-100, റിപബ്ലിക്ക് ടിവി-കോൺഗ്രസ് 65-75, ബി ജെ പി-115-130, ടിവി 9- കോൺഗ്രസ് 90-100, ബി ജെ പി-100-110, മറ്റുള്ളവർ 5-15, ഇന്ത്യ ടിവി സിഎൻ എക്സ്-കോൺഗ്രസ് -94-104, ബി ജെ പി-80-90, ദൈനിക ഭാസ്ക്ർ-കോൺഗ്രസ് 85-95, ബി ജെ പി 98-105, മറ്റുള്ളവർ 10-15, പീപ്പിൾസ് പൾസ്-കോൺഗ്രസ് 73-95, ബി ജെ പി 95-115 , മറ്റുള്ളവർ 5-12.












Click it and Unblock the Notifications