കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമുണ്ടെങ്കില്‍ ഡോക്ടറെ പോയി കാണണം: രാജീവ് ചന്ദ്രശേഖര്‍
ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് താന്‍ നേരത്തേ എത്തിയതില്‍ പരിഹസിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. താന്‍ നേരത്തെ എത്തിയതില്‍ ഒരു രാജവംശത്തിലെ മരുമകന് സങ്കടമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ വേദിയിലിരിക്കുന്നതിനെ ട്രോളി റിയാസ് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. 'രാജവംശത്തിലെ മരുമകന് ഞാന്‍ നേരത്തേ വന്നതിലാണ് സങ്കടം. എന്തുകൊണ്ടാണ് നേരത്തെ വന്നത്? പ്രവര്‍ത്തകര്‍ നേരത്തേ വന്നതുകൊണ്ടാണ് അത്. സംസ്ഥാന പ്രസിഡന്റായ ഞാനും അവര്‍ക്കൊപ്പം വരണമെന്ന് കരുതി. അങ്ങനെയാണ് നേരത്തെ എത്തിയത്. 8.45ന് അവിടെ എത്തി. എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയി.

എന്നാല്‍ എന്റെ പ്രവര്‍ത്തകരെ കാണണമെന്നു പറഞ്ഞാണ് ഞാന്‍ നേരത്തേ വേദിയില്‍ കയറിയത്. രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് പറഞ്ഞു, ഒപ്പം താനും ഭാരത് മാതാ കീ ജയ് പറഞ്ഞു,' എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇതെല്ലാം കാണുമ്പോള്‍ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടമുണ്ടെങ്കില്‍ ഡോക്ടറെ പോയി കാണണം എന്നും അദ്ദേഹം പറഞ്ഞു.
വരുംകാലത്ത് ധാരാളം സങ്കടപ്പെടേണ്ടി വരും. ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് ഇന്നലത്തെ പ്രസംഗത്തില്‍ മോദി പറഞ്ഞത് ശരിയാണ് എന്നും ഇന്നലെ രാത്രി മുഴുവന്‍ സിപിഎമ്മുകാര്‍ തന്നെ ട്രോള്‍ ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വികസിത കേരളം ലക്ഷ്യമാക്കിയാണ് ഈ ട്രെയിന്‍ കുതിക്കുന്നത് എന്നും അതില്‍ ഇടതുപക്ഷത്തിനു വേണമെങ്കില്‍ കയറാം എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തന്നെ പരിഹസിച്ച് എത്ര പോസ്റ്റുകളിട്ടാലും ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 'എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ, തെറി വിളിച്ചോളൂ, പക്ഷേ, ബിജെപിയുടെ ട്രെയിന്‍ വിട്ടു. ഇനി വികസിത കേരളത്തിലെ അത് അവസാനിപ്പിക്കൂ. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിച്ചതിനു ശേഷമേ ഞാന്‍ ഇവിടം വിട്ടുപോകൂ', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ രാജീവിന്റെ പേരില്ലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് രാജീവിന്റെ പേര് ഉള്‍പ്പെടുത്തിയത്.












Click it and Unblock the Notifications