ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് വീഡിയോ ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചു എന്ന പരാതിയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കെ പി സി സി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപ് ആണ് പരാതിക്കാരന്‍. ഹൈക്കോടതി ഉത്തരവ് രാജീവ് ചന്ദ്രശേഖര്‍ വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചു എന്നാണ് പരാതി. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിലാണ് പരാതി നല്‍കിയത്.
നടപ്പന്തലിലും ദീപസ്തംഭത്തിനും മുന്നില്‍ നിന്നുള്ള വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രമേ നടപ്പന്തലില്‍ വീഡിയോ ചിത്രീകരിക്കാനുള്ള അനുവാദമുള്ളൂ.

ഹൈക്കോടതിയും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ ചിത്രീകരണം. നേരത്തെ സമാനമായ പരാതിയില്‍ ചിത്രകാരി ജസ്‌ന സലീമിനെതിരേയും പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു എന്നായിരുന്നു ജസ്നയ്ക്കെതിരായ പരാതി
കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ജസ്ന സലീമിനെതിരെ പരാതി നല്‍കിയത്. കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ജസ്ന ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ചാണ് വൈറലാകുന്നത്. നേരത്തേ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് കേക്ക് മുറിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ജസ്‌ന പങ്ക് വെച്ചിരുന്നു.
ഈ സംഭവത്തില്‍ ജസ്‌നയ്‌ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്രം പരാതി നല്‍കിയിരുന്നു. അന്ന് തൊട്ടാണ് ഗുരുവായൂരിലെ വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തിയത്. വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂര്‍ണമായി നിരോധിച്ചു കൊണ്ടാണ് ഹൈക്കോടതി അന്ന് ഉത്തരവ് ഇറക്കിയത്.
കിഴക്കേ നടയിലെ ദീപ സ്തംഭത്തിന് സമീപത്ത് കൂടി ക്ഷേത്രത്തിന്റെ ഉള്‍ വശം ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് അടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ ജസ്ന മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതും വിവാദമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് ജസ്‌നയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications