കേരളത്തിൽ പുതിയ പരീക്ഷണവുമായി ബിജെപി; നയിക്കാൻ രാജീവ് ചന്ദ്രശേഖർ
തിരുവനനന്തപുരം: സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രേശഖർ നയിക്കും. കോർ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ അഞ്ച് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുന്നത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
നിയമസഭ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ തന്നെ അധ്യക്ഷനായി തുടർന്നേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. സുരേന്ദ്രന്റെ പ്രവർത്തനത്തിൽ ദേശീയ നേതൃത്വം തൃപ്തരാണെന്നും അദ്ദേഹത്തെ തുടരാൻ അനുവദിച്ചേക്കുമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരേന്ദ്രനെ മാറ്റി നിർത്തിയാൽ ഒരുപക്ഷെ ശോഭ സുരേന്ദ്രനോ അല്ലെങ്കിൽ മുതിർന്ന നേതാവായ എംടി രമേശിനോ നറുക്ക് വീണേക്കാം എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെല്ലാം തള്ളിയാണ് ഇപ്പോൾ രാജീവ് ചന്ദ്രശേഖരന്റെ പേര് നിർദേശിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര നേതൃത്വം തന്നെ രാജീവിന്റെ പേര് നിർദേശിച്ചതെന്നാണ് വിവരം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സന്ദീപ് വാര്യരെ പോലുള്ള നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യം ഉണ്ടായി. മാത്രമല്ല കൊടകര കുഴൽപ്പണ വിവാദത്തിലും സുരേന്ദ്രന്റെ പേര് ചർച്ചയായി. കൃഷ്ണദാസ് പക്ഷവും കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. ഇതെല്ലാമാണ് സുരേന്ദ്രനെ മാറ്റി നിർത്താനുള്ള തീരുമാനത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പാർട്ടി രാഷ്ട്രീയത്തിന് അതീതനായ, എല്ലാ വോട്ടർമാർക്കിടയിലും സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന നേതാവിനെ നിയമിക്കുന്നതിലൂടെ മാത്രമേ കേരളത്തിൽ ബി ജെ പിക്ക് വളരാനാകൂവെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിന് ഉണ്ടായിരുന്നത്. ഇതാണ് രാജീവിന്റെ പേരിലേക്ക് എത്താൻ കാരണം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചതടക്കം രാജീവിന് അനുകൂലഘടകമായിരുന്നു.
ആരാണ് രാജീവ് ചന്ദ്രശേഖർ?
സംഘപരിവാർ പശ്ചാത്തലം ഇല്ലാത്ത നേതാവാണ് രാജീവ് ചന്ദ്രശേഖർ. ഇത്തരമൊരു നേതാവിനെ ഇതാദ്യമായാണ് സംസ്ഥാന നേതൃപദവിയിലേക്ക് പാർട്ടി പരിഗണിക്കുന്നത്. 2016 മുതല്‍ 2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ചുള്ള സ്വതന്ത്ര്യ രാജ്യസഭാംഗമായിരുന്ന രാജീവ് 2018 ലാണ് ബി ജെ പിയിൽ ചേരുന്നത്. ബി ജെ പിയുടെ ദേശീയ വക്താവായും എന്‍ ഡി എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മോദി സർക്കാരിൽ നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു.












Click it and Unblock the Notifications