രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു: സ്വീകരിച്ച് മുഖ്യമന്ത്രിയും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ രാജേന്ദ്ര വിശ്വനാഥ് ആർലേകർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്ന് നിയുക്ത ഗവർണറെയും ഭാര്യ അനഘ ആർലേകറെയും വേദിയിലേക്ക് സ്വീകരിച്ചത്.
ഗവർണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വേദിയില്‍ വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, പി രാജീവ്, മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, എംപിമാരായ ശശി തരൂർ, എ എ റഹിം, എം എൽ എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ബീഹാര്‍ ഗവര്‍ണറായിരിക്കെയാണ് വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി നിയമിച്ചത്. പകരം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്കും മാറ്റി. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് അർലേകർ കുട്ടിക്കാലം മുതല്‍ തന്നെ ആർ എസ് എസ് പ്രവർത്തകനായ വ്യക്തിയാണ്. 1989 ല്‍ ബി ജെ പിയില്‍ ചേർന്ന അദ്ദേഹം 1990 മുതല്‍ സംസ്ഥാനത്തെ പ്രധാന ബി ജെ പി നേതാക്കന്മാരില്‍ ഒരാളായി വളർന്നു.
2015ൽ വനം പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയുമാണ്. 2014 മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോള്‍ ഗോവയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ അർലേകറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ അന്ന് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ലക്ഷമികാന്ത് പർസേകർക്ക് അനുകൂലമായിരുന്നു. 2021 ജുലൈ 7 ന് അർലേകറെ ഹിമാചല്‍ പ്രദേശ് ഗവർണ്ണായി രാഷ്ട്രപതി നിയമിച്ചു. പിന്നീട് അദ്ദേഹത്തെ ബിഹാറിലേക്ക് മാറ്റുകയുമായിരുന്നു.












Click it and Unblock the Notifications