രാജേഷ് കേശവ് കിടക്കയിലായിട്ട് 60 ദിവസം, കണ്ണ് തുറന്നു, ചലനങ്ങൾ പ്രതീക്ഷ പകരുന്നുവെന്ന് സുഹൃത്ത്
സ്റ്റേജ് പരിപാടിക്ക് ശേഷം കുഴഞ്ഞ് വീണ പ്രശസ്ത അവതാരകൻ രാജേഷ് കേശവ് രണ്ട് മാസത്തോളമായി ചികിത്സയിലാണ്. രാജേഷ് കിടക്കയിലായിട്ട് ഇന്നേക്ക് 60 ദിവസം ആയെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി പറയുന്നു. എല്ലാ ദിവസവും തന്നോട് ആളുകൾ ചോദിക്കുന്നത് രാജേഷിന് എങ്ങനെയുണ്ട് എന്നാണ്. രാജേഷ് കണ്ണ് തുറന്നുവെന്നും ചികിത്സകൾ തുടരുകയാണെന്നും പ്രതാപ് ജയലക്ഷ്മി പറയുന്നു.
നിലവിൽ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഒരു മാസമായി രാജേഷ് കേശവ് ചികിത്സയിൽ കഴിയുന്നത്. ചില ചലനങ്ങൾ ഉണ്ടെന്നത് ചികിത്സയുടെ കാര്യത്തിൽ പ്രതീക്ഷയാണെന്ന് പ്രതാപ് കുറിക്കുന്നു.
'' രാജേഷിന് ഇപ്പോൾ എങ്ങിനെയുണ്ട്...? കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എനിക്ക് വരുന്ന എല്ലാ മെസ്സേജുകളും ഇത് മാത്രമാണ്. കഴിഞ്ഞ 2 ആഴ്ച ആയി ഞാൻ ഒരു യാത്രയിൽ ആയിരുന്നതിനാൽ കൃത്യമായി റിപ്ലൈ കൊടുക്കാൻ കഴിഞ്ഞില്ല എല്ലാവരോടും ക്ഷമാപണം. എല്ലാ ദിവസവും എവിടെ ആയിരുന്നാലും രൂപേഷിൽ നിന്നു അപ്ഡേറ്റ്സ് എടുക്കുന്നുണ്ടെങ്കിലും നേരിട്ട് വന്നു കണ്ട് എഴുതുന്നതാണ് അതിന്റെ ഒരു ശെരി എന്ന് തോന്നി.

ഇന്ന് 60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്.. വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു. ഇവിടെ പിഎംആർ വകുപ്പിന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകൾ ഏകോപിക്കുന്നത്. വിവിധ തെറാപ്പികൾ രാജേഷിനെ ചെയ്യിപ്പിക്കുന്ന കാര്യം മുൻപ് സൂചിപ്പിച്ചിരുന്നവങ്കിലും പലതും ഞങ്ങൾ ആദ്യമായി കാണുന്നവയാണ്. രാവിലെ തുടങ്ങുന്ന സ്‌പീച്ച് തെറ്റാപ്പിയും, ഫിസിയോ തെറാപ്പിയും സാധാരണ നമുക്ക് പരിചിതമായ ഒന്നല്ല.
ഉച്ചക്ക് ശേഷമുള്ള ഒക്യൂപ്പെഷണൽ തെറാപ്പിയും അതിന്റെ സമയവുമെല്ലാം രോഗിയുടെയും കൂടെയുള്ളവരുടെ ക്ഷമയും മനസ്സികനിലയെയും ചിലപ്പോൾ പരീക്ഷിക്കുന്നവയാണ്.
ഒരേ കാര്യം പലതവണ പറഞ്ഞു പറഞ്ഞു, മടുക്കാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ ആത്മാർത്ഥതയെയും സഹന ശക്തിയെയും മനസ്സ് കൊണ്ട് നമിക്കുന്നു. രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും ഫോക്കസ് കുറച്ചു കൂടി ക്ലിയർ ആകേണ്ടതുണ്ട് .
കേൾവി ശക്തി ഉണ്ടെന്നു വ്യക്തമായതോടെ പലവിധ തെറാപ്പികൾ ചെയ്യാൻ കൂടുതൽ ധൈര്യം ഡോക്ടർമാർക്ക് വന്നിട്ടുണ്ട്. പക്ഷേ രാജേഷ് ചിലപ്പോൾ പാതി മയക്കത്തിൽ, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോൾ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ട് എന്ന് അവൻ അറിയുന്നുണ്ടാവുമോ? എങ്കിലും ക്ഷമയോടെ, സാവധാനമാണെങ്കിൽ കൂടിയും പരമാവധി ചികിത്സ നൽകുവാൻ ഇവിടെ എല്ലാവരും ശ്രമിക്കുന്നുണ്ട്. രാജേഷിനു ചികിത്സാ സഹായം നൽകിയ ശ്രീ വേണു കുന്നപ്പള്ളിയെപ്പോലെയുള്ള സുമനസ്സുകളെ നന്ദിയോടെ ഓർക്കുന്നു. രാജേഷിനെ കേൾപ്പിക്കാൻ വോയിസ് നോട്ട്സ് അയക്കുന്നവരോട് ഒത്തിരി സ്നേഹം ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്...
ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം... അതിനിടയിൽ അത്ഭുതങ്ങൾ സംഭവിച്ച കഥകൾ ഇവിടെ പലരും പറഞ്ഞു കേൾക്കുന്നതും ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. രാജേഷ് അഭിനയിച്ച 'ഇന്നസന്റ്' സിനിമയുടെ റീലീസ് ഡേറ്റും , ധ്യാൻ നോടൊപ്പം അഭിനയിച്ച 'വടക്കൻ തേരോട്ടം' എന്ന മൂവിയുടെ റിലീസ് വാർത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങൾ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേൾക്കുമ്പോഴാണ് കൂടുതൽ റെസ്പോൺസ് അവനിൽ ഉണ്ടാവുന്നത്, ആ ചലനങ്ങൾ ഏറെ പ്രതീക്ഷ പകരുന്നവയുമാണ്. കിടക്കയിൽ നിന്നു എണീറ്റു, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാം. അവനോടുള്ള പ്രാർത്ഥനയും സ്നേഹവും എന്നത്തെപ്പോലെയും നമുക്ക് തുടരാം...''












Click it and Unblock the Notifications