ഫഹദിന് അതൊന്നും ഒരു തെറിയായി തോന്നിയില്ല: ഒടുവില്‍ കോട്ടയത്ത് നിന്നും ആള്‍ വന്ന് തെറിവിളിച്ചു പോയി
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയി എത്തുന്ന ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ'. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം അടുത്ത ആഴ്ച റിലീസ് ചെയ്യും. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ കൊഴുവുമ്മല്‍ രാജീവനായി തന്നെ എത്തുന്നുണ്ടെന്നാണ് രാജേഷ് മാധവന്‍ അഭിപ്രായപ്പെടുന്നത്.
'ന്നാ താന്‍ കേസ് കൊട്' ചിത്രീകരിച്ചത് കാസർകോടായിരുന്നെങ്കില്‍ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ നടക്കുന്നത് പയ്യന്നൂരിലാണ്. കേള്‍ക്കുമ്പോള്‍ ഒരു താളമൊക്കെയുള്ള ഭാഷയായതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെ സംഭാഷണങ്ങളില്‍ ആളുകള്‍ക്ക് ക്യൂട്ട്നെസ് തോന്നുന്നുണ്ടാകും. അതുകൊണ്ടാകും ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നാണ് രാജേഷ് മാധവന്‍ പറയുന്നത്.

ഇവിടുത്തെ സ്ലാങ്ങില്‍ ദേഷ്യപ്പെടാനൊക്കെ വലിയ പാടാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും ചെയ്യുമ്പോള്‍ കാസർകോടുള്ള കുറേ പൊലീസുകാരാണ് അതില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഫഹദിനെ തെറിവിളിക്കുന്ന ഒരു സീനുണ്ട്. റിയലായി തെറിവിളിച്ച് ഷൂട്ട് ചെയ്തിട്ടുണ് അത് കട്ട് ചെയ്യാനാണ് തീരുമാനം. കാസർകോടുള്ള കുറേ പൊലീസുകാർ തെറിവിളിച്ചെങ്കിലും ഫഹദിന് അതൊന്നും തെറിവിളിയായി തോന്നിയില്ല. അവസാനം കോട്ടയത്ത് നിന്നും ആലപ്പുഴയില്‍ നിന്നും രണ്ടാളുകള്‍ വന്നു. അവർ തെറി വിളിച്ചപ്പോഴാണ് ഫഹദിന് തെറിയായി തോന്നിയതെന്നും രാജേഷ് പറയുന്നു.
കുഞ്ചാക്കോ ബോബന്‍ - രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമായിരുന്നു 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു സുരേഷേട്ടനും സുമതലയും. വളരെ ചെറിയ സ്ക്രീന്‍ സ്പെയിസ് മാത്രമാണുള്ളതെങ്കിലും ഇരു കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി. റീല്‍സിലൊക്കെ ഏറെക്കാലവും നിറഞ്ഞ് നിന്നിരുന്നു.
വമ്പന്‍ ബഡ്ജറ്റിലാണ് ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്ന ചിത്രത്തം ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ നിർമ്മിക്കുന്ന ചിത്രം അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് റിലീസിനെത്തിക്കുന്നത്. വൈശാഖ് സുഗുണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസന്‍റ് ആണ്. സുഷിന്‍ ശ്യാം ആലപിച്ച ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ''പ്രേമലോല'' കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.












Click it and Unblock the Notifications