'നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും രാജീവ് സഭയിൽ അവതരിപ്പിക്കും'; പുകഴ്ത്തി മന്ത്രി പിയൂഷ് ഗോയൽ
ഡൽഹി: മുൻ എംപി പി രാജീവിനെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. പുതിയ പാർലമെന്റിലേക്ക് മാറുന്നതിനു മുന്നോടിയായി രാജ്യസഭയിൽ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് പി രാജീവിന്റെ പാർലമെന്ററി ഇടപെടലുകളെ കുറിച്ച് ഗോയൽ പരാമർശിച്ചത്. ഗോയലിന്റെ പ്രസംഗം പി രാജീവും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കേരളത്തിൽനിന്ന് സിപിഎമ്മിന്റെ ഒരു എംപിയുണ്ടായിരുന്നു , പി.രാജീവ്. അദ്ദേഹം ഇന്ന് കേരളത്തിലെ മന്ത്രിയാണ്. നല്ല തയാറെടുപ്പോടെ പുതിയ പുതിയ കാര്യങ്ങളാണ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചിരുന്നത്. നമ്മളിൽ പലർക്കും അറിയാത്ത പല കാര്യങ്ങളും അദ്ദേഹം സഭയിൽ പറഞ്ഞിരുന്നു. പല വിഷയങ്ങളും രാജീവ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിൽ ആയാലും ഡൽഹിയിലായാലും ഇന്നും അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നാറുണ്ട്', എന്നായിരുന്നു ഗോയൽ പറഞ്ഞത്.

മന്ത്രിയുടെ വീഡിയോ പങ്കിട്ട് മന്ത്രി പി രാജീവ് പങ്കിട്ട കുറിപ്പ് ഇങ്ങനെ-'ആറു വർഷത്തെ രാജ്യസഭയിലെ പ്രവർത്തനം പൊതുജീവിതത്തിലെ ഏറ്റവും ജീവത്തായ അനുഭവങ്ങളുടേതാണ്. അന്ന് പ്രവർത്തിച്ച പാർലമെന്റ് മന്ദിരം സ്മാരകമായി. പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭ കഴിഞ്ഞ ദിവസം പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. സഭാ നേതാവായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പിന്നിട്ട വഴികളിലെ സംഭാവനകൾ അവതരിപ്പിച്ച പ്രസംഗത്തിൽ എന്റെ പാർലമെന്ററി ഇടപെടലുകൾ പ്രത്യേകം പരാമർശിച്ചെന്ന് ചില എംപിമാർ വിളിച്ചു പറഞ്ഞിരുന്നു. ഇന്നാണ് വീഡിയോ ലഭിച്ചത്. സഭ ഓർമ്മിക്കുന്ന സംഭാവനകളിൽ ഉൾപ്പെട്ടുവെന്നതിൽ മലയാളിയെന്ന നിലയിൽ പ്രത്യേക അഭിമാനം', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications