'പി ജയരാജനെ ജയിലിൽ കാണാനും ആളുകൾ വരേണ്ടേ, സിപിഎം ക്രിമിനൽ പാർട്ടി'; രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: ക്രിമിനലിസത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സി പി എം എന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഏതെങ്കിലും കൊലക്കേസിലെ പ്രതികളെ തള്ളിപ്പറയാൻ പാർട്ടി ഇതുവരെ തയ്യാറായിട്ടുണ്ടോയെന്നും തീവ്രവാദികളുടെ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് സി പി എം എന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോൾ പി ജയരാജൻ അടക്കമുള്ള നേതാക്കൾ സന്ദർശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം പി.
'ജയരാജൻ പ്രതികളെ കാണാൻ പോയതിൽ യാതൊരു അത്ഭുതവുമില്ല. അരിയിൽ ഷൂക്കൂറിനെ അരിഞ്ഞ് വീഴ്ത്തിയ കേസിൽ പ്രതിപട്ടികയിൽ ഉള്ളയാളാണ് ജയരാജൻ. നാളെ അദ്ദേഹത്തിന്റെ ജീവിതവും ജയിലിലായിരിക്കും. അപ്പോൾ അദ്ദേഹത്തെ കാണാനും ജയിലിലേക്ക് ആളുകൾ വരണ്ടേ. സി പി എം കൊലയാളികളുടെ പാർട്ടിയാണ്. ഈ പാർട്ടിയിലെ കൊലയാളികളെ ശിക്ഷിച്ച് കഴിഞ്ഞാൽ പിന്നെ പാർട്ടി ഉണ്ടാകില്ല, സി പി എമ്മിനെ പിരിച്ചുവിടേണ്ടി വരും. ക്രിമിനലിസത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയായി സി പി എം മാറി.

ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി പരോൾ കിട്ടിയ ശേഷം ആദ്യം പോയത് കല്ല്യോട്ട് കൊലക്കേസിലെ ഒന്നാം പ്രതിയായ പീതാംബരന് ഷേക്ക് ഹാന്റ് കൊടുക്കാനും അഭിനന്ദിക്കാനുമാണ്. ഈ പാർട്ടി ഏതെങ്കിലും കൊലയാളികളെ തള്ളിപ്പറഞ്ഞ ചരിത്രമുണ്ടോ?', രാജമോഹൻ ഉണ്ണിത്താൻ ചോദിച്ചു.
അതേസമയം പ്രതികളെ സന്ദർശിച്ചതിനെ കുറിച്ച് പി ജയരാജൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ സന്ദര്‍ശിച്ചുവെന്നും 'കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന തന്റെ പുസ്തകം കൈമാറിയെന്നും ജയരാജൻ പറഞ്ഞു. 'കമ്മ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കാൻ ആരും ശ്രമിക്കേണ്ട. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നാണ് സി പി എമ്മും ആഗ്രഹിക്കുന്നത്. എന്നാല്‍, ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമ സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ എട്ടര വര്‍ഷക്കാലത്ത് പൊതുവെ വര്‍ഗീയ സംഘര്‍ഷങ്ങൾ ഇല്ലാത്ത സമാധാന അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. ആ സാഹചര്യം ഇനിയും നിലനിന്ന് പോകണം. പക്ഷെ, വലതുപക്ഷ മാധ്യമങ്ങളോട് പറയാനുള്ളത് മാർക്കിസ്റ്റ് ജ്വരം ബാധിച്ച് പ്രവർത്തിക്കരുത്. ഊ മാർക്കിസ്റ്റ് വിരുദ്ധനിലപാടിനെ ജനങ്ങൾ പുച്ഛത്തോടെയാണ് ജനങ്ങൾ കാണുന്നത്.മാധ്യമങ്ങളോട് പറയാനുള്ളത് കമ്മ്യൂണിസ്റ്റുകാർ ഇതുകൊണ്ടൊന്നും ഭയക്കില്ലെന്നാണ്. ഈ വിധി അന്തിമമല്ല. തുടർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications