ശ്രീനിവാസന്‍ കൃഷ്ണനെതിരെ ഒറ്റക്കെട്ട്, പകരം ആര് എന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തീരുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം പുതിയ മാനങ്ങളിലേക്ക് കടക്കുകയാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച എ ഐ സി സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരളത്തിലെ നേതാക്കള്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ ശ്രീനിവാസന്‍ കൃഷ്ണന് പകരം ആരെ നിര്‍ദേശിക്കണമെന്ന കാര്യത്തിലാണ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നത്.
കെ പി സി സി ഭാരവാഹി നിര്‍ണയത്തില്‍ സ്വീകരിച്ച മാനദണ്ഡം രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വേണമെന്നാണ് ഒരു വിഭാഗം നിലപാടെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളുടേത് ഉള്‍പ്പെടെ നിരവധി പരാതികളാണ് ഹൈക്കമാന്‍ഡിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെ കെ പി സി സി ഭാരവാഹിത്വത്തിന് പരിഗണിക്കേണ്ട എന്നായിരുന്നു മാനദണ്ഡം.

എന്നാല്‍ നിയമസഭയിലേക്ക് തുടര്‍ച്ചയായി മത്സരിച്ച് പരാജയപ്പെട്ട യുവ നേതാവ് എം ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ആഗ്രഹം. മറുവശത്ത് കെ സി വേണുഗോപാലിനെ പിന്തുണക്കുന്ന കെ പി സി സി ഭാരവാഹികളുള്‍പ്പെടെ ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരാണ്. ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എ ഐ സി സിക്ക് ഈ നേതാക്കള്‍ കത്തയയിച്ചിട്ടുണ്ടെന്നാണ് വിവരം. പാര്‍ട്ടിയിലെ 'എ' പക്ഷം നേതാക്കളും ഈ നിലപാടിനോട് യോജിക്കുന്നവരാണ്.

എന്നാല്‍ തെരഞ്ഞെടുപ്പിലെ പരാജയം രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് അയോഗ്യതയായി കാണേണ്ടതില്ല എന്നാണ് സുധാകരന്റെ നിലപാട്. ഈ നിലപാടിനെതിരെ പാര്‍ട്ടിയിലെ മറ്റ് ഗ്രൂപ്പുകളെല്ലാം യോജിച്ചാല്‍ അത് സുധാകരന്‍ അംഗീകരിക്കുമോയെന്നും കണ്ടറിയണം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന 'വിശാല ഐ' ഗ്രൂപ്പിലായിരുന്നു ലിജു നേരത്തെ. എന്നാല്‍ ഇപ്പോള്‍ സുധാകരന്റെ വിശ്വസ്തരില്‍ ഒരാളാണ് ലിജു. സീറ്റ് മോഹിക്കുന്നവരില്‍ ഭൂരിഭാഗം പേരും കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റവരാണ്.

തോറ്റവരെ മാറ്റി നിര്‍ത്തണമെന്ന് തീരുമാനിച്ചാല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണനൊപ്പം എം എം ഹസന്‍, സോണി സെബാസ്റ്റ്യന്‍, ജെയ്‌സണ്‍ ജോസഫ് തുടങ്ങിയ പേരുകളും പാനലില്‍ ഉള്‍പ്പെട്ടേക്കാം. തര്‍ക്കം തുടര്‍ന്നാല്‍ എ ഐ സി സി വക്താവ് ഷെമ മുഹമ്മദ്, ജ്യോതി വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വനിതകളില്‍ ആരെയെങ്കിലും പരിഗണിക്കാനും സാധ്യതയുണ്ട്. അതേസമയം സ്ഥാനാര്‍ഥി നിര്‍ണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും.

ഇതിനിടെ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും ഹൈക്കമാന്‍ഡ് ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ലെന്നും കെ സുധാകരന്‍ ദല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും എം ലിജുവിന്റെ പേര് അതില്‍ ഒന്ന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ മുരളീധരന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതില്‍ തെറ്റൊന്നുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
Recommended Video

ഒരു നേതാവ് പേപ്പര്‍ എടുത്ത് കാണിച്ചാല്‍ തലയാട്ടുന്ന സംവിധാനമല്ല കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ എക്കാലത്തും അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഏത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാലും എതിര്‍ അഭിപ്രായം ഉണ്ടാകും. തീരുമാനം എടുക്കുന്നതില്‍ ബുധനാഴ്ചയാണ് ചര്‍ച്ച ആരംഭിച്ചത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും എന്നും സുധാകാരന്‍ പറഞ്ഞു.












Click it and Unblock the Notifications