ടിപി വധം: ഷംസീറിനെതിരെ രമ പരാതി നല്‍കി
കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിനെതിരെ ചന്ദ്രശേഖരന്റെ വിധവയും ആര്‍ എം പി നേതാവുമായ കെ കെ രമ പരാതി നല്‍കി.
ഇ- മെയില്‍ വഴി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് പരാതി നല്‍കിയത്. ടി പി വധക്കേസിലെ പ്രതി കിര്‍മാണി മനോജുമായി ഷംസീറിന് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമ പരാതി നല്‍കിയത്. ഷംസീര്‍ കിര്‍മാണി മനേജുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവ് കഴിഞ്ഞ ദിവസം രമ പുറത്തുവിട്ടിരിന്നു.

അതേ സമയം രമ പരാതി നല്‍കിയാല്‍ ഷംസീറിനെതിരെ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. കിര്‍മാണി മനോജുമായി ഷംസീറിന് ബന്ധമുണ്ടെന്നും ടിപി കൊല്ലപ്പെടുന്നതിന്റെ തലേന്നും ഷംസീര്‍ കിര്‍മാണി മനേജിനെ വിളിച്ചെന്നുമാണ് രമ ആരോപിച്ചത്. ഇതിന്റെ തെളിവും അവര്‍ പരസ്യമാക്കിയിരുന്നു.
ഇതു സംബന്ധിച്ച് രമ ഔദ്യോഗികമായി പരാതി നല്‍കിയാല്‍ ആ പരാതി ഡി ഐ ജി ശങ്കര്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറുമെന്ന് ചെന്നിത്തല രാവിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
2012 ഏപ്രില്‍ 9, 10 തിയ്യതികളിലും ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്ന മെയ് നാലിന് തലേ ദിവസവും ഷംസീര്‍ കിര്‍മാണിയെ ഫോണില്‍ വിളിച്ചെന്ന് രമ പറയുന്നു. എന്നാല്‍ കേസിന്റെ അന്വേഷണ വേളയില്‍ ഈ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് കാര്യമാക്കിയെടുത്തില്ലെന്നും രമ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications