മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ മുതല്‍ റംസാന്‍ വ്രതാരംഭം
തിരുവനന്തപുരം: മാസപ്പിറവി കണ്ടതോടെ സംസ്ഥാനത്ത് നാളെ റംസാന്‍ ഒന്ന്. നാളെ മുതല്‍ വിശ്വാസികള്‍ റംസാന്‍ വ്രതം അനുഷ്ഠിക്കും. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി ദൃശ്യമായി എന്നും കേരളത്തില്‍ നാളെ റംസാന്‍ ഒന്നായിരിക്കുമെന്നും ഖാദിമാര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഒമാന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ഒന്ന് സ്ഥിരീകരിച്ച് വ്രതം ആരംഭിച്ചിരുന്നു.
സൗദിയിലെ തുമൈറിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. യുഎഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാന്‍ ആരംഭിക്കുന്നത്. ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും ഇന്നാണ് റംസാന്‍ വ്രതം ആരംഭിച്ചത്. അതേസമയം റംസാന്‍ പ്രമാണിച്ച് റിയാദിലും അബുദാബിയിലുമെല്ലാം ഗതാഗത സൗകര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും ബസുകള്‍ പുലര്‍ച്ചെ 3 മണി വരെയും സര്‍വീസ് നടത്തും എന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സര്‍വീസ് നടത്തൂ. ഇത് പുലര്‍ച്ചെ മൂന്ന് മണി വരെ തുടരും. അബുദാബിയില്‍ ഹെവി വാഹനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ 10 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 4 മണി വരെയും ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിലെ റോഡുകളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ മറ്റ് പ്രവൃത്തി ദിവസങ്ങളിലെ പോലെയുള്ള സമയങ്ങളിലും അധികമായി വൈകുന്നേരം 8 മണി മുതല്‍ രാത്രി 1 മണി വരെയും വിലക്കുണ്ട്.












Click it and Unblock the Notifications