കരുണാകരനെതിരായ തിരുത്തല്‍വാദം തെറ്റായി പോയി, ഇന്ന് മക്കള്‍ രാഷ്ട്രീയം സാര്‍വത്രികം: ചെന്നിത്തല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെ താനടക്കം ഉള്ളവര്‍ നയിച്ച തിരുത്തല്‍ വാദം തെറ്റായി പോയി എന്ന് സമ്മതിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി പി രാജശേഖരന്‍ എഴുതിയ 'രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും' എന്ന പുതിയ പുസ്തകത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
അമിതമായ പുത്രവാത്സല്യം കരുണാകരനെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയില്‍ നിന്നാണ് തിരുത്തല്‍ വാദം ഉടലെടുത്തത് എന്നും അതില്‍ പശ്ചാത്തപിക്കുന്നു എന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത്. കേരള സമൂഹം അന്ന് മക്കള്‍ രാഷ്ട്രീയത്തിന് എതിരായിരുന്ന എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് ആ സാഹചര്യം മാറിയെന്നും മക്കള്‍ രാഷ്ട്രീയം സാര്‍വത്രികമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതില്‍ ആരും തെറ്റ് കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. താന്‍ എല്ലാ കാലത്തും പാര്‍ട്ടിക്ക് വിധേയനായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നും എന്നാല്‍ പലപ്പോഴും പാര്‍ട്ടി തന്നോട് തിരിച്ച് നീതി കാണിച്ചില്ല എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നു. ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു എന്നും ചെന്നിത്തല ആരോപിച്ചു.
അതിന് പാര്‍ട്ടിയിലെ ചിലരുടെ പ്രോത്സാഹനവും ലഭിച്ചെന്നും കോണ്‍ഗ്രസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാവായിട്ടും സമുദായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ശത്രുക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി വരാത്തതിലും ദുഃഖമുണ്ട് എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. 2016-21 കാലത്ത് ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി വെളിച്ചത്ത് കൊണ്ടുവന്ന് തിരുത്തിച്ചു.
എന്നാല്‍ അപ്പോഴും പാര്‍ട്ടി പിന്തുണച്ചില്ല എന്ന വിമര്‍ശനവും ചെന്നിത്തല ഉയര്‍ത്തുന്നു. പദവിയല്ല പാര്‍ട്ടിയാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പക്ഷേ ആ വിശ്വാസം തനിക്ക് രാഷ്ട്രീയമായി നഷ്ടങ്ങള്‍ ഉണ്ടാക്കി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ട എന്ന നിലപാടായിരുന്നു തനിക്ക്.
പക്ഷെ സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തര മന്ത്രിയായത് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ചെന്നിത്തല അതൃപ്തനായിരുന്നു. ഇക്കാര്യം പലകുറി ചെന്നിത്തല പരസ്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications