'ജഹാംഗിർപുരിയിലേത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനം': രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജഹാംഗിർപുരിയിലേത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി വിധി വന്നിട്ടും അതിനെ മാനിക്കാൻ ബിജെപി ഭരിക്കുന്ന ദില്ലി കോർപറേഷൻ തയ്യാറായില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ കുറിപ്പ് വായിക്കാം: '' ഡൽഹിയിലെ ജഹാംഗിർപുരിയിൽ കണ്ടത് ഈ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനമാണ്. ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയുടെ ഉത്തരവിനെപ്പോലും ബഹുമാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സുപ്രീംകോടതിയിൽ നിന്ന് കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്യാനുള്ള വിധി പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷവും കോടതിവിധിയെ തെല്ലും മാനിക്കാതെയാണ് ബി.ജെ.പി ഭരിക്കുന്ന കോർപറേഷൻ മുന്നോട്ടുപോയത്.
സുപ്രീംകോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ മഹത്തായ മൂല്യങ്ങളുടെ നെഞ്ചിൽ ബുൾഡോസർ കയറ്റിയിറക്കുന്ന ജനാധിപത്യവിരുദ്ധതയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ഇത്തരം നീക്കങ്ങളെ രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിച്ചുനിന്ന് എതിർത്ത് പരാജയപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ബുൾഡോസർ രാഷ്ട്രീയമല്ല, ഭരണഘടനയെയും നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും അംഗീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമാണ് ഇന്ത്യക്കാവശ്യം''.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ പ്രതികരണം ഇങ്ങനെ: ''അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കുക എന്ന വ്യാജേനയാണ് മുനിസിപ്പൽ കോർപ്പറേഷൻ ഈ പാവങ്ങളുടെ വീടും കുടിയും കടകളും ബുൾഡോസറുകൾ ഉപയോഗിച്ചു പൊളിച്ചു കളഞ്ഞത്. ഇനി നിർമ്മാണങ്ങൾ അനധികൃതമാണെങ്കിൽ തന്നെ അത് പൊളിച്ചു കളയാൻ ചട്ടങ്ങൾ ഉണ്ട്. ജഹാംഗീർപൂരിലെ ഈ പൊളിക്കൽ എന്തിനാണെന്നു ആർക്കും മനസ്സിലാക്കാൻ കഴിയും. മുസ്‌ലിംകളുടെ വീടുകളും കടകളും ആരാധനാലയങ്ങളും മാത്രം നോക്കി പൊളിക്കുന്നവർ ലക്ഷ്യം വെക്കുന്നത് നിയമം നടപ്പിലാക്കലൊന്നുമല്ല. കോടതിയുടെ വിധിക്ക് പോലും പുല്ലുവിലയാണ് കല്പിച്ചത്.
ബി.ജെ.പി നേതാക്കളും ഗോഡി മീഡിയകളും പൊളിക്കുന്നവർക്ക് ആവേശവും നിർദ്ദേശവും നൽകി ഇവിടെയുണ്ട്. വർഷങ്ങളോളം തങ്ങൾ താമസിച്ച ഇടങ്ങളും, കച്ചവടം ചെയ്ത പെട്ടിക്കടകളും മാറിയുടുക്കാൻ ഒരു വസ്ത്രമെടുക്കാൻ പോലും സാവകാശം നൽകാതെ പൊളിച്ചു കളയുന്നത് നിസ്സഹായതയോടെ നോക്കി നില്കുന്ന പാവങ്ങളുടെ ചിത്രങ്ങൾ വർത്തമാന ഇന്ത്യയെ വരച്ചുകാണിക്കുന്നു''.












Click it and Unblock the Notifications