വര്‍ഗീയ ശക്തികളുടെ കൈകളില്‍ വാള്‍ കൊടുത്ത് ആ ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി: ചെന്നിത്തല
തിരുവനന്തപുരം: പാലക്കാട് ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള്‍ കൊടുത്തിട്ട് ഇപ്പോഴത്തെ ട്രെന്‍ഡ് പോലെ 'ചാമ്പിക്കോ' എന്ന് പറയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിന് ശേഷം അമ്പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായതെന്നും ഇതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ കേരള പോലീസ് തയ്യാറാവുന്നില്ല എന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. കേരളം ചോരക്കളിയുടെ നാടായി മാറി കഴിഞ്ഞു എന്നും വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിലെ സി പി ഐ എമ്മിനുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Recommended Video

പൊലീസ് വിചാരിച്ചാല്‍ ഇതൊന്നും തടയാന്‍ പറ്റില്ല എന്നാണ് ഒരു മന്ത്രി പറഞ്ഞത്. സംസ്ഥാന ഭരണത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ഇതാണ് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെയൊന്നും ഉത്തരവാദിത്വം സര്‍ക്കാരിനും പൊലീസിനും ആഭ്യന്തര വകുപ്പിനും ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.
നിഷ്‌ക്രിയമായ ആഭ്യന്തരവകുപ്പാണ് സംസ്ഥാനത്തേതെന്നും അതാണ് അക്രമ സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയെ ഒരു പോലെ വര്‍ജ്ജിക്കണം. രണ്ടും നാടിന് ആപത്താണെന്നും രണ്ടിനെയും ഒരുപോലെ കണ്ടുകൊണ്ട് എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം ചേരും. മന്ത്രി കെ കൃഷ്ണണ്‍കുട്ടിയുടെ അധ്യക്ഷതയിലാണ് പാലക്കാട് കലക്ട്രേറ്റില്‍ യോഗം ചേരുക. ബി ജെ പി പ്രതിനിധികളും പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications