
'ആ ഷോക്കിൽ അഭിനവ 'മിന്നൽ മുരളി'മാരും നേതൃത്വം കൊടുക്കുന്നവരും തകർന്നു പോവും': ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ് വരുത്തിയിരിക്കുകയാണ്. സാധാരണക്കാരന്റെ തലയിലേക്ക് 110 രൂപയുടെ വർധനവാണ് ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒരുവശത്ത് ധൂർത്തും അഴിമതിയും നടത്തുകയും മറുവശത്ത് അതുകൊണ്ടുണ്ടായ നഷ്ടം നികത്താൻ ജനങ്ങളെ പിഴിയുകയുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ''കഴിഞ്ഞ ഒരൊറ്റ സാമ്പത്തിക വർഷം കൊണ്ട് 100 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നവകാശപ്പെട്ടുകൊണ്ട് 'മിന്നൽ മുരളി' മാരായി സ്വയം അവരോധിതരായവരാണ് കെ.എസ്.ഇ.ബി ചെയർമാനും വൈദ്യുതി വകുപ്പ് മന്ത്രിയും. പക്ഷേ ഇപ്പോൾ യഥാർത്ഥത്തിൽ മിന്നലേറ്റത് കേരളജനതയ്ക്കാണ്. വൈദ്യുതി ബില്ലിന്റെ രൂപത്തിൽ പാവപ്പെട്ട മനുഷ്യരെ ഷോക്കടിപ്പിച്ചു കൊല്ലുകയാണ് സർക്കാർ. 100 കോടി ലാഭമുണ്ടാക്കിയെന്നത് സർക്കാരിന്റെ കള്ള പ്രചരണം മാത്രമായിരുന്നു എന്നും ഇതോടെ തെളിഞ്ഞിരിക്കുന്നു.
വിജയ് ബാബുവിനെതിരെ എടുത്ത് ചാടി നടപടിയില്ലെന്ന് ഇടവേള ബാബു; 'അമ്മ' ക്ലബ് പോലെ എന്ന്
200 യൂണിറ്റ് വൈദ്യുതി വരെ ഉപയോഗിക്കുന്ന കേരളത്തിലെ ഒരു സാധാരണക്കാരന്റെ തലയിലേക്ക് 110 രൂപയുടെ വർധനവാണ് ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇതിനുമുൻപുള്ള നിരക്ക് വർധനവിൽ വ്യവസായങ്ങളെ ഒഴിവാക്കിയിരുന്നുവെങ്കിൽ ഇന്നലത്തെ വർധനവിൽ ചെറുകിട വ്യവസായങ്ങൾക്കുൾപ്പെടെ 7% വർധനവ് ഏർപ്പെടുത്തിയിരിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പെടാപാടുപ്പെടുന്നതിനിടയിൽ വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന ഒരു ജനതയെയാണ് പിണറായി സർക്കാർ ദിനംപ്രതി പീഢിപ്പിക്കുന്നത്.
സംസ്ഥാനത്തിന് വേണ്ട വൈദ്യുതി വാങ്ങുന്നതിലും, കെ എസ് ഇ ബിയിലേക്ക് വാഹനങ്ങൾ വാങ്ങുന്നതിലും ഉൾപ്പെടെ നടത്തുന്ന അഴിമതിയുടെയും ധൂർത്തിന്റെയും ഭവിഷ്യത്തുകൾ സാധാരണക്കാരന്റെയും ചെറുകിട വ്യവസായങ്ങളുടെയും തലയിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള ശക്തമായ ജനരോഷത്തെകൂടി ഈ സർക്കാരിന് നേരിടേണ്ടി വരും. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി 2117 കോടി രൂപയാണ് കെ.എസ്.ഇ.ബിക്ക് കുടിശ്ശികയിനത്തിൽ ഇപ്പോഴും ലഭിക്കാനുള്ളത്. ഇതിൽ 1023.76 കോടി രൂപ സ്വകാര്യ സ്ഥാപനങ്ങൾ അടയ്ക്കാനുള്ള തുകയാണ്.
അച്ഛനോട് കലിപ്പുള്ളവരാണ് എനിക്കെതിരെ തിരിയുന്നത്;'ചിലരിൽ'നിന്ന് നീതി കിട്ടില്ലെന്ന് ഷമ്മി തിലകൻ
സാധാരണക്കാർ ബില്ലടക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരുന്നവർ വൻകിടക്കാരുടെ കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമവും നടത്താതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിയിടുന്നു. ഒരുവശത്ത് ധൂർത്തും അഴിമതിയും നടത്തുക. മറുവശത്ത് അതുകൊണ്ടുണ്ടായ നഷ്ടം നികത്താൻ ജനങ്ങളെ പിഴിയുക. ഒപ്പം അണികൾക്ക് പാടി നടക്കാൻ 'ലാഭ'ത്തിന്റെ കള്ള കണക്കുകളും. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തീർക്കും. ആ ഷോക്കിൽ അഭിനവ 'മിന്നൽ മുരളി'മാരും അവർക്ക് നേതൃത്വം കൊടുക്കുന്നവരും തകർന്നു പോവും''.