'സ്വര്‍ണക്കടത്ത് കേസില്‍ കേരള പൊലീസിനും പങ്ക്';കരുണാകരന്റെ രാജി എന്തിനായിരുന്നുവെന്നും പ്രതിപക്ഷം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ വീടാതെ പ്രതിപക്ഷം. പ്രതികള്‍ തിരുവനന്തപുരത്ത് നിന്നും ബംഗ്‌ളൂരുവിലെത്തിയത് കേരള പൊലീസിന്റെ സഹായത്തോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ കേരള പൊലീസ് ചലിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

കേരള പൊലീസിന്റെ സഹായം
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് നിന്ന് പ്രതികള്‍ ബംഗ്‌ളൂരുവിലെത്തിയത് കേരള പൊലീസിന്റെ സഹായത്തോടെ തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. മുഖ്യമന്ത്രി അറിയാതെ കേരള പൊലീസ് ചലിക്കുമോയെന്നും താനും ആഭ്യന്തര മന്ത്രിയായിരുന്ന ആളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അവിശ്വാസ പ്രമേയം
സ്വര്‍ണ്ണകടത്ത് കേസ് പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷം ശ്രമം നടത്തിയിരുന്നു. ഇത് സംബന്ധിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമ സഭാ സമ്മേളനത്തില്‍ വിഡി സതീശന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലായെന്നത് ദുഃഖകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇതിനകം തന്നെ സര്‍ക്കാരിനെതിരെ അവിശ്വാസം പാസാക്കി കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശാസ്ത്രീയമായ അഴിമതി
അഴിമതിക്ക് റിക്കോര്‍ഡ് ഇട്ട സര്‍ക്കാരാണിത്. അവരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. ശാസ്ത്രീയമായി എങ്ങനെ പണമുണ്ടാക്കാം അഴിമതി നടത്താം എന്നതിന് ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓഫീസില്‍ നടക്കുന്ന ഒരു കാര്യം മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അദ്ദേഹത്തിന് കേരളം ഭരിക്കാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.

പൊലീസിന്റെ നിശബ്ദത
സ്വര്‍ണക്കടത്ത് കേസില്‍ കേരള സര്‍ക്കാരും ആഭ്യന്തര കാണിക്കുന്നത് ഗൗരവമായ അലംഭാവമാണ്. പ്രതികള്‍ക്കെതിരെ ഏതെങ്കിലും എഫ്‌ഐആര്‍ ഇടാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നത് തന്നെയാണ് പൊലീസിന്റെ നിശബ്ദതയുടെ അര്‍ത്ഥമെന്നും രമേശ് ചെന്നിത്തല പറഞ്ഞു, സ്വര്‍ണക്കടത്തിലെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.

കെ കരുണാകരന്‍ രാജി വെച്ചത്
കെ കരുണാകരന്‍ രാജി വെച്ചത് രാജനെ വെടിവെച്ച് കൊന്നതിനാണോ? ചാരകേസില്‍ കരുണാകരന്‍ രാജി വെച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെടുന്ന, രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ അട്ടിമറിക്കുന്ന പ്രശ്‌നത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നാല് വര്‍ഷം നില്‍ക്കുന്നുവെന്ന ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് മാറിനില്‍ക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

രാജ്യദ്രോഹ പ്രവര്‍ത്തനം
മുഖ്യമന്ത്രി നല്‍കുന്ന അധികാരം ദുരുപയോഗം ചെയ്ത രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയ സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിക്കുന്നു. ആ മുഖ്യമന്ത്രിയുടെ ഒരു നിമിഷം തുടരാനുള്ള അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications