സുധാകരന് കൂച്ച് വിലങ്ങിടാന്‍ ഗ്രൂപ്പുകള്‍: എഐസിസിക്ക് മുന്നില്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെക്കുന്നു
കോട്ടയം: കെപിസിസി പ്രസിഡന്‍റായി ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ലെങ്കിലും കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന കാര്യം കെ സുധാകരന്‍ വ്യക്തമാക്കി കഴിഞ്ഞു. ഗ്രൂപ്പുകള്‍ക്ക് മൂക്ക് കയറിടും എന്നത് തന്നെയാണ് കെ സുധാകരന്‍ വ്യക്തമാക്കുന്നത്. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവും എന്നും കെ സുധാകരന്‍ പറയുന്നു.
മുന്നോട്ടുള്ള പോക്ക് എന്ന കാര്യത്തില്‍ സുധാകരന്‍ നിലപാട് വ്യക്തമാക്കിയതോടെ ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ അടക്കം തങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്ന ആശങ്ക ഗ്രൂപ്പുകളില്‍ ശക്തമായി. ഇതോടെ കെ സുധാകരന് തുടക്കത്തില്‍ തന്നെ കൂച്ച് വിലങ്ങിടാനുള്ള നീക്കമാണ് ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടിയേല്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഏറെക്കാലമായി കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ പിടിച്ച് കെട്ടാന്‍ ശ്രമിക്കുന്ന എഐസിസി നേതൃത്വത്തിന് മുന്നില്‍ വന്ന മികച്ച അവസരമായി തിരഞ്ഞെടുപ്പ് തോല്‍വി മാറുകയായിരുന്നു.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പിന് അതീതമായി യുവനേതാക്കളും കൂടെ നിന്നത് എഐസിസിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അങ്ങനെയാണ് രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും താല്‍പര്യങ്ങള്‍ മറികടന്നുള്ള തീരുമാനം പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് എടുത്തത്. സമീപകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത്തരമൊരു നീക്കം ഇതാദ്യമാണ്.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള വിഡി സതീശന്‍റെ നിയമനത്തിന്‍റെ ചുവട് പിടിച്ചാണ് കെപിസിസി അധ്യക്ഷസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനെ തേടിയത്. ഒരാളുടേയും പേര് നിര്‍ദേശിച്ചില്ലെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് കെ സുധാകരനോട് അത്ര താല്‍പര്യമില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലെന്ന പോലെ ഇവിടെയും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. അങ്ങനെ കെ സുധാകരന്‍ പ്രസിഡന്‍റായി.

നിയമനങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും ഗ്രൂപ്പുകളെ പൂര്‍ണ്ണമായും ഒഴിച്ച് നിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോവാന്‍ സാധിക്കില്ല. ഇതുവരെ അത്ര വലിയ എതിര്‍പ്പുകള്‍ പരസ്യമാക്കിയില്ലെങ്കിലും വരും ദിനങ്ങളില്‍ ഗ്രൂപ്പുകള്‍ കെ സുധാകരന് മുന്നില്‍ കാത്തുവെച്ചിരിക്കുന്നത് എന്ത് എന്ന ചിന്ത ഏവരിലുമുണ്ട്.

അതുകൊണ്ട് തന്നെ ഗ്രൂപ്പ് നേതൃത്വങ്ങളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എഐസിസി നേതൃത്വം. കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് അദ്ദേഹമാവും നേതൃത്വം നല്‍കുക.

പുതിയ അധ്യക്ഷന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. കെ സുധാകരനുമായി ഒത്തുപോകണമെന്ന് താരീഖ് അന്‍വര്‍ ഇരുനേതാക്കളോട് ആവശ്യപ്പെടും. എന്നാല്‍ തുടക്കത്തില്‍ തന്നെ പൂര്‍ണ്ണ കീഴടങ്ങലിന് എ, ഐ ഗ്രൂപ്പുകള്‍ തയ്യാറായേക്കില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്.

സുധാകരന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് പോവണമെങ്കില്‍ ചില ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ചേക്കും. പുതിയ ഡിസിസി പ്രസിഡന്‍റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും കാര്യത്തില്‍ ചില ഉറപ്പുകള്‍ വാങ്ങിയെടുക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. സുധാകരന്‍ ഇതിന് വഴങ്ങാന്‍ സാധ്യതയില്ലെങ്കിലും എഐസിസിക്ക് ഗ്രൂപ്പുകളെ പൂര്‍ണ്ണമായി തഴയാന്‍ കഴിയില്ല.

പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരന്‍ വലിയ ആവേശമാണെങ്കിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ ഗ്രൂപ്പുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇതിന് മറികടന്നുകൊണ്ട് തുടക്കത്തില്‍ തന്നെ മുന്നോട്ട് പോവുക എന്നുള്ളത് സുധാകരന് മുന്നില്‍ ശ്രമകരമായ കാര്യമായേക്കും. അതുകൊണ്ടാണ് ഒരു ഒത്തുതീര്‍പ്പിനുള്ള ശ്രമം എഐസിസിയും നടത്തുന്നത്.
Recommended Video

വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ ഒരു ആലോചനയും നടത്തിയില്ലെന്ന് പരാതി രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമുണ്ട്. അധ്യക്ഷനായി ചുമതലയേല്‍ക്കും മുമ്പ് സുധാകരന്‍ നടത്തിയ ചില പരാമര്‍ശങ്ങളിലും ഇരു ഗ്രൂപ്പുകള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതെല്ലാം ഇരവുരം താരീഖ് അന്‍വറിന് മുന്നില്‍ വ്യക്തമാക്കും.












Click it and Unblock the Notifications