പിണറായി വിജയന്റെ സത്യഗ്രഹം കോമഡി എന്ന് രമേശ് ചെന്നിത്തല; തരംകിട്ടുമ്പോള്‍ മോദിയെ പ്രസാദിപ്പിച്ചു
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സത്യഗ്രഹ സമരം കോമഡിയാണ് എന്ന് രമേശ് ചെന്നിത്തല. തരംകിട്ടുമ്പോഴൊക്കെ മോദിയെയും അമിത് ഷായെയും പ്രസാദിപ്പിച്ച മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എന്ന് ചെന്നിത്തല വിമര്‍ശിച്ചു.
കേരളത്തിന് അവകാശപ്പെട്ടതൊന്നും പിടിച്ചുവാങ്ങാന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടെ ആരും അറിയാതെ ഡല്‍ഹിയില്‍ പോയി ഒപ്പുവച്ച സര്‍ക്കാരാണിത്. കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാരാണ് പിണറാി വിജയന്റേത് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍: കേന്ദ്രഅവഗണനക്കെതിരെ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സത്യാഗ്രഹം കാപട്യവും കോമഡിയുമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍ അനക്കാത്തയാളാണ് മുഖ്യമന്ത്രി. തരം കിട്ടുമ്പോഴൊക്കെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ട് ഇവിടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹസമരവുമായി ഇറങ്ങിയിരിക്കുകയാണ്.
കേരളത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തില്‍ നിന്നും പിടിച്ചുവാങ്ങാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതി്ല്‍ അമ്പേ പരാജയമായിരുന്നു പിണറായി സര്‍ക്കാര്‍. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പിഎം ശ്രീ പദ്ധതിയിലടക്കം ആരും അറിയാതെ ഡല്‍ഹിയില്‍ പോയി പഞ്ചപുഛമടക്കി ഒപ്പുവച്ചു തിരിച്ചുപോന്നു.
ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാരാണ് പിണറായിയുടെ സര്‍ക്കാര്‍ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിനുള്ള തിരിച്ചടി തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുകയും ചെയ്തു. അപ്പോള്‍ ജനങ്ങളെ പറ്റിക്കാന്‍ കേന്ദ്ര വിരുദ്ധ സമരം എന്ന കോമഡിയുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുകയാണ്.
പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഇളഭ്യത മാറ്റാനാണ് കേന്ദ്ര വിരുദ്ധ സമരവുമായി ഇറങ്ങിയിരിക്കുന്നത്.അല്ലാതെ കേരളത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. ഇതൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപ്പോകില്ല. ജനങ്ങള്‍ ഈ സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ്- ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications