ജോര്‍ജ്ജേ അണ്ടനെന്ന് വിളിക്കരുത്: ചെന്നിത്തല
തിരുവനന്തപുരം: എല്ലാം ക്ഷമിക്കാം. കെ പി സി സി അംഗത്വം ഏത് അണ്ടനും അടകോടനും കിട്ടുന്ന സ്ഥാനമാണ് എന്ന് വരെ പറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും കെ പി സി സി പ്രസിഡണ്ടായ രമേശ് ചെന്നിത്തല. വേറെന്ത് വേണമെങ്കിലും വിളിച്ചോ ജോര്‍ജ്ജ്, അണ്ടനെന്നും അടകോടനെന്നും വിളിക്കരുത് എന്നാണ് മാണി സാറിനോട് ഗതികെട്ട കെ പി സി സി പ്രസിഡണ്ട് പരാതി പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ജോര്‍ജ്ജിനെ നിയന്ത്രിക്കാന്‍ പോയാല്‍ ജോര്‍ജ്ജ് തനിക്കെതിരെയും പറയാന്‍ മടിക്കില്ല എന്ന് നന്നായറിയുന്ന മാണിസാര്‍ ചെന്നിത്തലയുടെ പരാതി കേട്ടതായി ഭാവിക്കുമോ? കണ്ടറിയണം. നേരത്തെ ജോര്‍ജ്ജിന്റെ വായടപ്പിക്കലിന്റെ ഭാഗമായി പരാതി കിട്ടിയപ്പോള്‍ ആളൊരു ശുദ്ധാത്മാവാണ്, ഓരോന്ന് വിളിച്ചുപറയുന്നു എന്നേയുള്ളൂ എന്ന് പറഞ്ഞ് സംഗതി ഒതുക്കിയ ആളാണ് മാണി സാര്‍.

ചീഫ് വിപ്പ് എന്നത് സര്‍ക്കാരിന്റെ പ്രതിനിധിയാണ് എന്ന് രമേഷ് ചെന്നിത്തല ഓര്‍മിപ്പിക്കുന്നത് കേട്ടാല്‍ ആരുമൊന്ന് ചിരിച്ചുപോകും. എന്ന് വെച്ചാല്‍ പി സി ജോര്‍ജ്ജിന് ഇത് അറിയാത്ത പോലെ. എന്തായാലും തന്റെ പദവിക്കനുസരിച്ച വാക്കുകള്‍ വേണം ചീഫ് വിപ്പ് ഉപയോഗിക്കാനെന്ന് ചെന്നിത്തല പറഞ്ഞൊപ്പിച്ചിട്ടുണ്ട്. ഇതിനൊന്നും മറുപടി പറയാത്തത് അറിയാഞ്ഞിട്ടല്ല, ജനാധിപത്യ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് മാത്രമാണ് എന്നൊരു മുന്നറിയിപ്പും ചെന്നിത്തല തന്റെ വാക്കുകളില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
എ കെ ആന്റണിക്കെതിരെ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതിനും ഒരാഴ്ച മുമ്പേ തുടങ്ങിയതാണ് കോണ്‍ഗ്രസ് മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ജോര്‍ജ്ജ്് പുലഭ്യം പറയാന്‍. എന്നാല്‍ രമേശ് ചെന്നിത്തല മിണ്ടിയില്ല. ഒരുക്ഷരം പ്രതികരിച്ചില്ല. എന്താ കാര്യം? കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളില്ല എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇല്ലെങ്കില്‍ ഏതേ കുഞ്ഞുകുട്ടിക്കും മനസ്സിലായേനെ കാര്യം.












Click it and Unblock the Notifications