ജനാധിപത്യം ക്രൂരമായി കൊള്ളയടിക്കുന്നു; മഹാരാഷ്ട്രയില്‍ ജനസംഖ്യയേക്കാള്‍ വോട്ടര്‍മാര്‍- ചെന്നിത്തല
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മാത്രമല്ല, രാഹുല്‍ ഗാന്ധി പുറത്തുവിട്ട കണക്കുകളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. 140 കോടി ജനങ്ങളുടെ കണ്‍മുന്നില്‍ നിന്ന് ജനാധിപത്യം ക്രൂരമായി കൊള്ളയടിക്കപ്പെട്ടിരിക്കുന്നു എന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.
ബിജെപി വന്‍ വിജയം നേടിയ ഇടങ്ങളില്‍ ഭീകരമായ അട്ടിമറികളാണ് നടന്നത് എന്ന് ചെന്നിത്തല ആരോപിച്ചു. ജനവികാരം എതിരായിട്ടും ബിജെപി ജയിച്ചുകയറിയത് തിരിമറി നടത്തിയ വോട്ടര്‍പട്ടികയുടെ ബലത്തിലായിരുന്നു. മഹാരാഷ്ട്രയില്‍ മാത്രം വ്യാജമായി 40 ലക്ഷം വോട്ടുകളാണ് ചേര്‍ത്തത്. അതും അഞ്ച് മാസം കൊണ്ട് എന്നും രമേശ് ചെന്നിത്തല പറയുന്നു.

അധികാരത്തിന്റെ കരുത്ത് ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ വ്യാജന്മാരെ നിറയ്ക്കുകയാണ് ബിജെപി ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ കൊള്ളയടിച്ചു. ഈ പകല്‍ കൊള്ളയാണോ ബിജെപി അവകാശപ്പെടുന്ന ആര്‍ഷ ഭാരത സംസ്‌കാരം എന്നും മഹാരാഷ്ട്രയുടെ സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ രമേശ് ചെന്നിത്തല പരിഹസിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം-
''ഇന്ത്യന്‍ ജനാധിപത്യം 140 കോടി ജനതയുടെ കണ്‍മുന്നില്‍ നിന്ന് അതിക്രൂരമായി കൊള്ളയടിക്കപ്പട്ടിരിക്കുന്നു. ഇതിന്റെ മുഴുവന്‍ ഗൂഢാലോചനയുടെയും തെളിവുകളാണ് ഇന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനതയുടെ മുമ്പാകെ നിരത്തിയത്. അധികാരത്തിന്റ കരുത്ത് ഉപയോഗിച്ച് വോട്ടര്‍ പട്ടികയാകെ തിരുത്തി വ്യാജന്‍മാരെ നിറച്ച് അത് സിസ്റ്റമാറ്റിക്കായി അട്ടിമറിച്ച് ഒരു തെരഞ്ഞെടുപ്പിനെ തികച്ചും അപ്രസക്തമാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ കൊള്ളയടിക്കുകയായിരുന്നു ബിജെപി.
പരാജയപ്പെടുത്താന്‍ കഴിയാത്തവര്‍ എന്നു തോന്നലുണ്ടാക്കി വന്‍ വിജയം നേടിയ ഇടങ്ങളിലൊക്കെ അതിഭീകരമായ അട്ടിമറികളാണ് നടന്നത്. ജനവികാരം പൂര്‍ണമായും എതിരായിരുന്നപ്പോള്‍ പോലും ബിജെപി വിജയിച്ചു കയറിയത് അട്ടിമറിക്കപ്പെട്ട വോട്ടര്‍ലിസ്റ്റിന്റെ ബലത്തിലായിരുന്നു. മഹാരാഷ്ട്രയില്‍ മാത്രം ഇവര്‍ വ്യാജമായി ചേര്‍ത്തത് 40 ലക്ഷം വോട്ടുകളാണ്. ലോക്സഭയിലെ വന്‍ പരാജയത്തിനു ശേഷമാണ് ഇത്രയേറെ വോട്ടുകളെ വീണ്ടും ചേര്‍ത്തത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ ചേര്‍ത്തതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ വെറും അഞ്ചു മാസം കൊണ്ട് ചേര്‍ത്തു. മഹാരാഷ്ട്രയിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍. ഈ പകല്‍ക്കൊള്ളയാണോ ബിജെപി അവകാശപ്പെടുന്ന ആര്‍ഷഭാരത സംസ്‌കാരം. ഭാരതത്തിന്റെ സംസ്‌കാരത്തെ മുഴുവന്‍ കുഴിച്ചു മൂടുന്ന ക്രിമിനല്‍ നടപടികളാണ് ബിജെപി മുന്നോട്ടു വെക്കുന്നത്. ഇത് ഇന്ത്യയ്ക്കും ഇന്ത്യയുടെ സംസ്‌കാരത്തിനും എതിരാണ്. ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന ഇവരെ പടിയടച്ചു പിണ്ഡം വെക്കേണ്ട കാലമെത്തിയിരിക്കുന്നു.''












Click it and Unblock the Notifications