വിഷം പുരട്ടിയ വാക്കുകള്‍; സംഘപരിവാര്‍ പ്രസിദ്ധീകരണത്തിലെ ലേഖനം ഞെട്ടിക്കുന്നത് എന്ന് ചെന്നിത്തല
കൊച്ചി: ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ എന്ന കേസരിയിലെ ലേഖനം ക്രൈസ്തവരെ ഇന്ത്യയുടെ ശത്രുവായി പ്രതിഷ്ഠിക്കുന്നതാണ് എന്ന് രമേശ് ചെന്നിത്തല. ക്രിസ്ത്യന്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ലേഖനം ബിജെപി നേതൃത്വം തള്ളിപ്പറയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഭാരവാഹി എഴുതിയ ലേഖനം ക്രൈസ്തവരെ ഇന്ത്യയുടെ ശത്രുവാക്കുകയാണ്. രാജ്യത്തോട് കൂറില്ലാത്ത രാജ്യവിരുദ്ധരാണ് എന്നാണ് ലേഖകന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഒരു സമുദായത്തെ മൊത്തം രാജ്യവിരുദ്ധരാക്കുകയാണ്. സംഘപരിവാറും ബിജെപിയും ഇതിനോടുള്ള സമീപനം വ്യക്തമാക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വനമേഖല കേന്ദ്രീകരിച്ചുള്ള സായുധ വിപ്ലവത്തിന് സഹായിക്കുന്നത് ക്രിസ്തീയ സഭകളാണ് എന്ന ഗുരുതരമായ ആരോപണവും ലേഖനത്തില്‍ ഉന്നയിക്കുന്നു. ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമം. അവര്‍ക്കെതിരെ രാജ്യവ്യാപക അക്രമത്തിന് മറ്റു മതസ്ഥരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കപട വാദങ്ങളാണ് ലേഖനത്തിലൂടെ വന്നിരിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുകയാണ് സംഘപരിവാര്‍. സംഘപരിവാര്‍ പ്രസിദ്ധീകരണമായ കേസരിയിലെ 'ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ' എന്ന ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കുന്നു എന്നത് ഞെട്ടിക്കുന്നു. ഇതേക്കുറിച്ച് ബിജെപി നിലപാട് വ്യക്തമാക്കിയേ പറ്റൂ.
ക്രിസ്ത്യന്‍ സമുദായത്തെ കയ്യിലെടുക്കാന്‍ അരമനകള്‍ കയറിയിറങ്ങുന്ന ബിജെപി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാന്‍ തയ്യാറാണോ? ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഭാരവാഹി എഴുതിയ ഈ ലേഖനം ക്രിസ്ത്യന്‍ സമുദായത്തെ ഇന്ത്യയുടെ ശത്രുവായി പ്രഖ്യാപിക്കുന്നു. ക്രൈസ്തവ സമുദായത്തിലേക്ക് മാറിയവര്‍ സ്വന്തം രാജ്യത്തോട് കുറു നഷ്ടപ്പെട്ട രാജ്യവിരുദ്ധരാണ് എന്നാണ് ലേഖകന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.
ഒരു സമുദായത്തെ ഒന്നടങ്കം രാഷ്ട്രവിരുദ്ധര്‍ ആക്കി മാറ്റാനുള്ള ശ്രമമാണ് ഈ ലേഖനത്തില്‍ നടത്തിയിരിക്കുന്നത്. ഇതിനോട് സംഘപരിവാറും ബിജെപിയും തങ്ങളുടെ സമീപനം വ്യക്തമാക്കണം. വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് വെറുപ്പ് വിളമ്പുകയാണ് ഈ ലേഖനത്തില്‍ ഉടനീളം. മത വൈരം കൊണ്ട് അന്ധമായി തീര്‍ന്ന ഒരു പ്രസ്ഥാനത്തിന് മാത്രമേ ഇത്തരമൊരു വാദഗതി മുന്നോട്ടു വെക്കാനാകു.
ഇന്ത്യയിലെ വിവിധ വനമേഖലകള്‍ കേന്ദ്രീകരിച്ചുള്ള സായുധ വിപ്ലവത്തിന് സഹായം നല്‍കുന്നത് പോലും ക്രിസ്തീയ സഭകളാണ് എന്ന അതീവ ഗുരുതരവും ദുരുപദിഷ്ടവുമായ ആരോപണം കൂടി ഇതില്‍ ഉന്നയിക്കുന്നുണ്ട്. ഒരു സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തി അവര്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിന് ഇതര മതസ്ഥരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കപട വാദങ്ങളും കലാപാഹ്വാനവുമാണ് ഈ ലേഖനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ബിജെപി, സംഘപരിവാര്‍ നേതൃത്വങ്ങള്‍ തയ്യാറാകണം. ലേഖനം ഉടനടി പിന്‍വലിക്കണം.''












Click it and Unblock the Notifications