പ്രിസൈഡിങ് ഓഫീസറുടെ ആരോപണം; ഉദുമ എംഎല്‍എക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറുടെ കാല്‍വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച പ്രിസൈഡിംഗ് ഓഫീസര്‍ പ്രോഫ.കെ.ശ്രീകുമാറിന്റെ പരാതി അതീവ ഗൗരവമുള്ളതാണ്. കള്ളവോട്ട് തടയാന്‍ ബാദ്ധ്യതയുള്ള ജനപ്രതിനിധി തന്നെ കള്ളവോട്ട് ചെയ്യിക്കാന്‍ ശ്രമിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. സി.പി.എം ശക്തി കേന്ദ്രങ്ങളിലെല്ലാം വ്യാപകമായ കള്ളവോട്ട് നടക്കാറുണ്ടെന്ന് നേരത്തെ വ്യാപകമായ പരാതി ഉണ്ടായിട്ടുള്ളതാണ്. എതിര് കക്ഷികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ച ശേഷം കള്ള വോട്ട് ചെയ്യുകയാണ് പതിവ്. ഇത് ബൂത്ത് പിടിക്കലിന് തുല്യമാണ്.
ഒരു ജനപ്രതിനിധി തന്നെ അതിന് നേതൃത്വം കൊടുക്കുന്നത് നിസ്സാരാമായി തള്ളാന്‍ കഴിയുന്ന കാര്യമല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തരവാദപ്പെട്ട ഓഫീസര്‍ തന്നെയാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. മാത്രമല്ല, ഭീഷണി കാരണം അവിടെ കള്ളവോട്ട് അനുവദിക്കേണ്ടി വന്നു എന്നും പ്രസൈഡിംഗ് ഓഫീസര്‍ പരാതിയില്‍ പറയുന്നുണ്ട്. ഇതും വളരെ ഗൗരവമേറിയ കാര്യമാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമാനുസൃതമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഇടത് നേതാക്കള്‍ ഭീഷമിപ്പെടുത്തിയെന്ന ആരോപണവുമായി പ്രസൈഡിങ് ഓഫീസറായിരുന്ന കാര്‍ഷിക സര്‍വകലാശാല അധ്യാപകനായ കെഎം ശ്രീകുമാറാണ് രംഗത്തെത്തിയത്. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതിനിടെ തങ്ങള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീകുമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.
വടക്കേ മലബാറിലെ പാര്‍ട്ടി ഗ്രാമത്തിലെ പോളിങ് അനുഭവം എന്ന തലക്കെട്ടോടെ കെഎം ശ്രീകുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് ദൃക്സാക്ഷികളുണ്ടായിരുന്നെന്നും ശ്രീകുമാര്‍ പറയുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സിപിഎമ്മിന്റെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും രംഗത്തെത്തി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം വ്യാജമാണെന്നും, കള്ളവോട്ടെന്നാരോപിച്ച് ഉദ്യാഗസ്ഥന് വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയായിരുന്നെന്നും കേസ് കൊടുക്കേണ്ടത് പ്രസൈഡിങ് ഓഫീസര്ക്കെതിരെയാണെന്നുമായിരുന്നു കെ കുഞ്ഞിരാമന് എംഎല്‍എയുടെ പ്രതികരണം