രാജീവ് ഗാന്ധിയെ അപമാനിച്ചു, ഒപ്പം ധ്യാന്‍ ചന്ദിനെയും: രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കായിക താരങ്ങള്‍ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌ക്കാരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിനെയും അപമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ധ്യാന്‍ ചന്ദിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതോ സ്മാരകം നിര്‍മ്മിക്കുന്നതോ ഉചിതമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ അത് മഹാനായ രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവാന്‍ പാടില്ല. രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ട് സൃഷ്ടിച്ച പുരസ്‌ക്കാരം ധ്യാന്‍ ചന്ദിന്റെ ശിരസില്‍ ചാര്‍ത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെയും അപമാനിച്ചിരിക്കുകയാണ്. ബി.ജെ.പി നേതാക്കളുടെ ഇടുങ്ങിയ മനസും അസഹിഷ്ണുതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രപിതാവായി മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിക്ക് പകരം നരേന്ദ്ര ദാമോദര്‍ ദാസ് മോദി മുതലപ്പുറത്തേറി വരുന്ന കാലം വിദൂരമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അധികാരത്തിലേറിയ ആദ്യത്തെ അജണ്ട നെഹ്‌റുവിന്റെ ലെഗസിക്ക് കുഴിമാടമൊരുക്കലായിരുന്നു. പഞ്ചവത്സര പദ്ധതി തൊട്ട് ജെ.എന്‍.യു സര്‍വ്വകലാശാല വരെ അതിനുദാഹരണങ്ങളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
2024 എന്ന അക്കത്തില്‍ കലണ്ടറില്‍ തൊടുമ്പോള്‍ സംഘ് പരിവാര്‍ രൂപീകരണത്തിന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവും. അപ്പോഴേക്കും ചരിത്രം കീഴ്‌മേല്‍ മറിക്കുമെന്ന് ഒരു ചരിത്ര വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഞാന്‍ കരുതുന്നു. പുരാണത്തിന്റെ ചിറകിലേറി അധികാരത്തിലേറിയവര്‍ക്ക് ചരിത്രമെപ്പോഴും ഒരു ഭാരമാണ്. അത് ഖേല്‍രത്‌നയോടൊപ്പം ചേര്‍ത്ത് വെച്ച രാജീവ് ഗാന്ധി മുതല്‍ മഹാത്മാ ഗാന്ധി വരെ സംഘ് പരിവാറിന് ഒരു ഭാരമാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications