രമേശ് ചെന്നിത്തല അതൃപ്തിയില്‍; യോഗത്തിന് എത്തില്ല, 'മിണ്ടാതെ' വീട്ടില്‍ നിന്ന് പുറത്തുപോയി
തിരുവനന്തപുരം: മുഖ്യമന്ത്രിയാക്കാത്തതില്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍. വഴുതക്കാട്ടെ വീട്ടില്‍ നിന്ന് അദ്ദേഹം പുറത്തുപോയി. ഇവിടെ രമേശ് ചെന്നിത്തല ഇല്ല എന്ന് ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സീനിയോരിറ്റി ഇത്തവണയും ഹൈക്കമാന്റ് പരിഗണിച്ചില്ല എന്നാണ് ചെന്നിത്തലയുടെ വികാരം.
വിഡി സതീശന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല. അതുവരെ വഴുതക്കാട്ടെ വീട്ടിലുണ്ടായിരുന്ന രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാതെ പിന്‍ഭാഗത്തുകൂടെ പുറത്തുപോയി.

രമേശ് ചെന്നിത്തല കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് വിവരം. അദ്ദേഹം ഗുരുവായൂരില്‍ പോകുന്നു എന്നാണ് അനൗദ്യോഗിക പ്രതികരണങ്ങള്‍. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ നിന്ന് പൂര്‍ണമായും അദ്ദേഹം വിട്ടുനിന്നേക്കും. മന്ത്രിമാരുടെ എണ്ണത്തില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് പ്രാമുഖ്യം ലഭിക്കാനാണ് സാധ്യത. അപ്പോഴും രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രി ആര് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി വിളിച്ചിരുന്നു. വിഡി സശീശനെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം എന്ന് അറിയിച്ചു. തന്റെ സീനിയോരിറ്റി പരിഗണിച്ചില്ല എന്ന വിഷമം ചെന്നിത്തല അപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഡി സതീശന്റെ മന്ത്രിസഭയില്‍ ചെന്നിത്തല ഉണ്ടാകുമോ?
2021ല്‍ പ്രതിപക്ഷ നേതൃ പദവിയില്‍ വിഡി സതീശനെ നിയമിച്ചതും ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാണ്. എങ്കിലും പ്രതിപക്ഷ നേതാവിന്റെ റോളില്‍ തന്നെയായിരുന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പല അഴിമതി ആരോപങ്ങളും അദ്ദേഹം വ്യക്തിപരമായി ഉന്നയിച്ചിരുന്നു. മിക്ക സംഭവങ്ങളിലും പ്രത്യേകമായി മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. ലഹരി വിമുക്ത നടപടിക്കെതിരെ പ്രചാരണത്തിനും നേതൃത്വം നല്‍കി.
എന്നാല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നില്ല. ഇനി രമേശ് ചെന്നിത്തല എന്തു നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. വിഡി സതീശന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ തയ്യാറാകുമോ, അല്ലെങ്കില്‍ പാര്‍ട്ടി സുപ്രധാന ചുമതല നല്‍കുമോ എന്നീ കാര്യങ്ങളിലാണ് വ്യക്തത വരേണ്ടത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയാണ് സംസാരിച്ചിരുന്നത്. വിഡി സതീശനെതിരെ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിഡി സതീശനെതിരെ സംസാരിച്ചിരുന്നു. എന്നാല്‍ സതീശനെ തന്നെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്റ് തീരുമാനിച്ചത്.














Click it and Unblock the Notifications