കത്ത് ചെന്നിത്തലയുടേത് തന്നെയാണെന്ന് ഹൈക്കമാന്റ് സ്ഥിരീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കമാന്റിന് അയച്ചതെന്ന് പറയുന്ന കത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേത് തന്നെയാണെന്ന് സ്ഥിരീകരണം. ഹൈക്കമാന്റ് തന്നെയാണ് സ്ഥിരീകണം നല്‍കിയിരിക്കുന്നത്. കത്ത് ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്നാണ് വന്നിരിക്കുന്നതെന്നും പരിശോധിച്ചുവരികയാണെന്നും ഹൈക്കമാന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.
താന്‍ കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല ആണയിടുന്നതിനിടയിലാണ് കത്തിനെക്കുറിച്ച് ഹൈക്കമാന്റ് സ്ഥിരീകരിക്കുന്നത്. വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആവശ്യപ്പെട്ടിരുന്നു. കത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ രമേശ് ചെന്നിത്തല ദില്ലിയിലേക്ക് പോയിട്ടുണ്ട്.

കത്ത് ചോര്‍ന്നതിനെക്കുറിച്ച് ചെന്നിത്തല ഹൈക്കമാന്റിനെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. വളരെ രഹസ്യമായി സൂക്ഷിക്കേണ്ടിയിരുന്ന കത്താണ് പുറത്തായത്. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് അറിയിക്കുന്ന കത്ത് ആയതിനാല്‍ അവ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കുവരുന്നത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കും.
സര്‍ക്കാരിന്‍ അഴിമതി വ്യാപകമായെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ന്നെന്നും കത്തില്‍ വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ യുഡിഎഫിന് ദോഷം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് മുഖ്യകാരണം മുഖ്യമന്ത്രി തന്നെയാണ്. സംസ്ഥാനത്ത് ബിജെപി ശക്തിപ്രാപിച്ചുവരികയാണെന്നും ചെന്നിത്തല സൂചിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications