സോണിയയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് ചെന്നിത്തല; എഐസിസി പുനസംഘടനയിൽ ഉൾപ്പെടുത്തണമെന്ന്
കൊച്ചി; സംസ്ഥാന നേതൃത്വത്തിനെതിരെ ഹൈക്കമാന്റിന് മുന്നിൽ പരാതിക്കെട്ടഴിച്ച് രമേശ് ചെന്നിത്തല. സംസ്ഥാന നേതൃത്വം മുതിർന്ന നേതാക്കളെ അവഗണിക്കുകയാണെന്നും ഏകപക്ഷീയമാണ് തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ചെന്നിത്തല പാർട്ടി അധ്യക്ഷ സോണിിയ ഗാന്ധിയെ അറിയിച്ചു. ചെന്നിത്തലയ്ക്കെതിരെ പാർട്ടിയിൽ വിമർശനങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹം ദില്ലിയിലെത്തിയത്.

മൂന്ന് വർങ്ങൾക്ക് ശേഷമാണ് ചെന്നിത്തല പാർട്ടി അധ്യക്ഷയെ ദില്ലിയിൽ എത്തി നേരിട്ട് കാണുന്നത്. ചെന്നിത്തലയ്ക്കെതിരെ നിരവധി പരാതികൾ ഹൈക്കമാന്റിന് മുന്നിലുണ്ട്. ഐ എൻ ടി യു സി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഉയർത്തിയ കലാപത്തിന് പിന്നിലും പാലാ എം എൽ എ മാണി സി കാപ്പന്റെ പരസ്യ പ്രതിഷേധത്തിന് പിന്നിലും പ്രവർത്തിച്ചത് ചെന്നിത്തലയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സതീശൻ ഹൈക്കമാന്റിന് കത്തയച്ചിരുന്നു.
കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചെന്നിത്തല അപമാനിക്കുകയാണെന്ന് കാണിച്ച് തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യം ഉയർത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാൻ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇത്തരത്തിൽ കടുത്ത എതിർപ്പുകളും പരാതികളും രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാൻറിനെ കണ്ട് ചെന്നിത്തല തന്റെ ഭാഗം വിശദീകരിച്ചത്.
കടുത്ത വിമർശനങ്ങളാണ് കൂടിക്കാഴ്ചയിൽ മുൻ പ്രതിപക്ഷ നേതാവ് ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. സംസ്ഥാന നേതൃത്വം വേണ്ടത്ര കൂടിയാലോചനകൾക്ക് തയ്യാറാകുന്നില്ലെന്നതാണ് ചെന്നിത്തല പ്രധാനമായും ഉയർത്തിയ ആക്ഷേപം. ഡി സി സി പുനഃസംഘടനയിലും രാജ്യസഭ സ്ഥാനാർത്ഥി നിർണയത്തിലും വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല നേതൃത്വത്തോട് വ്യക്തമാക്കി.
സംസ്ഥാന നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയാണെന്നും തിരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ പരിഗണിക്കുന്നില്ലെന്നുമുള്ള പരാതിയും ചെന്നിത്തല അറിയിച്ചു. പാർട്ടിയിൽ തന്നെ അപമാനിക്കുന്ന സമീപനമാണ് നേതാക്കൾ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ചെന്നിത്തല ഉന്നയിച്ചു. അതിനിടെ എ ഐ സി സി പുനഃസംഘടനയിൽ തന്നെ പരിഗണിക്കണമെന്ന ആവശ്യവും ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്.
നേരത്തേ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തല സമാന പരാതി ഉയർത്തിയിരുന്നുവെങ്കിലും പാർട്ടി അധ്യക്ഷൻ കെ സുധാകരനെതിരെ ഇക്കുറി അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചില്ലെന്നതാണ് ശ്രദ്ധേയം. പാർട്ടിയിലെ പുനഃസംഘടന നടപടികൾക്ക് പിന്നാലെ എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലും വി ഡി സതീശനും ഒറ്റക്കെട്ടായി
നീങ്ങുമ്പോൾ സുധാകര പക്ഷത്തിനൊപ്പമാണ് ചെന്നിത്തല.
അതിനിടെ വി ഡി സതീശനെതിരായ ഐ എൻ ടി യു സി പ്രവർത്തകരുടെ പ്രകടനത്തിന് പിന്നിൽ താനാണെന്ന ആരോപണം തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി. ഐ എൻ ടി യു സിക്കാരെ ഇളക്കിവിടാൻ മാത്രം താൻ അത്ര ചീപ്പല്ലെന്നായിരുന്നു ചെന്നിത്തല പ്രതികരിച്ചത്. ദില്ലിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു ചെന്നിത്തലയുടെ മറുപടി.
ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വമാണ് പരിഹരിക്കേണ്ടത്. താൻ പദവിക്ക് പിന്നാലെ പോകുന്ന ആളല്ല ഞാൻ. എന്നെ അറിയുന്ന എല്ലാവർക്കും അക്കാര്യം നന്നായി അറിയാം. സോണിയ ഗാന്ധിയുമായുള്ള കൂടക്കാഴ്ചയിൽ താൻ പൂർണ തൃപ്തനായണ് . അവിടെ സംസാരിച്ച കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. കോൺഗ്രസ് പാർട്ടിയെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും കഴിയുമെന്നാണ് തന്റെ പൂർണ വിശ്വാസമെന്നും മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications