എല്ലാ വാർഡുകളിലും കൊവിഡ് വാക്സിൻ വേഗത്തിൽ എത്തിക്കും, യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് കച്ച മുറുക്കുകയാണ് യുഡിഎഫ്. നിലവിൽ സംസ്ഥാനത്ത് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണുളളതെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. പാലാരിവട്ടം കേസും ബാർ കോഴയും തലപൊക്കുന്നത് യുഡിഎപിന് ആശങ്കയാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഇല്ലാതെയാണ് പ്രകടന പത്രിക എന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം മഹാമാരിയായ കൊവിഡിനെതിരെ വാക്സിൻ ഇന്ത്യയിൽ എത്തിയാൽ അതു അതിവേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ സൗകര്യം ഉണ്ടാവുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വാർഡുകളിലും കൊവിഡ് വാക്സിൻ എത്തിക്കാൻ സംവിധാനം ഉണ്ടാവുമെന്നും യുഡിഎഫ് പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ താല്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നും യു ഡി എഫ് പ്രകടനപത്രികയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് യുഡിഎഫ് തിരിച്ചു നൽകുമെന്ന് തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യത്തോടെയാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിൻ്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന ഒരു സമീപനമാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്ന് യുഡിഎഫ് പ്രകടന പത്രിക കുറ്റപ്പെടുത്തുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും സമ്പൂർണ്ണ മാലിന്യ പദ്ധതി നടപ്പാക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയിലുണ്ട്. കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും അനാഥരെ ദത്തെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
Recommended Video













Click it and Unblock the Notifications