ക്ഷമിക്കണം, ഞങ്ങള്‍ക്ക് ഈ വിദ്യാഭ്യാസം മതി; ഗവര്‍ണര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
കേരളത്തില്‍ നൂറു ശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസമില്ല എന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിത്തെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും സൂചിപ്പിച്ചാണ് ചെന്നിത്തല ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. അഴിമതിക്കാരെ വാഷിങ്‌മെഷീനില്‍ അലക്കി വെളുപ്പിച്ചും ബിജെപി അധികാരം പിടിക്കുന്നത് കണ്ട് മലയാളികള്‍ സംഘപരിവാറിനൊപ്പം നില്‍ക്കണമോ എന്നും ചെന്നിത്തല ചോദിച്ചു.
കേരളത്തിന്റെ സമൂഹിക പശ്ചാത്തലവും ഉത്തരേന്ത്യയിലെ ചില സംഭവങ്ങളും സൂചിപ്പിച്ച ചെന്നിത്തല മലയാളികള്‍ നേടിയ വിദ്യാഭ്യാസം മികച്ചതാണെന്ന് വ്യക്തമാക്കി. അദാനിക്കും അംബാനിക്കും മുന്നില്‍ മുട്ടുമടക്കാത്തതാണ് കേരളത്തിന്റെ വിദ്യാഭ്യാസക്കുറവ് എങ്കില്‍ അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് എന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

മലയാളികൾക്ക് സാക്ഷരതയുണ്ട് പക്ഷേ വിദ്യാഭ്യാസമില്ല എന്ന ഗവർണറുടെ പ്രസ്താവന കണ്ടു.
ചുറ്റുമുള്ള സാഹചര്യങ്ങൾ മനസ്സിലാക്കുന്നതാണ് വിദ്യാഭ്യാസം എന്നും അത് കേരളീയർക്ക് കുറവാണ് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇഡിയുടെ ചുവപ്പുകാർഡ് കാണിച്ചും അഴിമതിക്കാരെ വാഷിംഗ് മെഷീനിൽ അലക്കി വെളുപ്പിച്ചും ബിജെപി അധികാരം പിടിച്ചെടുക്കുന്നതു കണ്ട് മലയാളികൾ മനസ്സിലാക്കി സംഘപരിവാറിന് ഒപ്പം നിൽക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ച വിദ്യാഭാസം എങ്കിൽ ക്ഷമിക്കണം ഗവർണർ ഞങ്ങൾക്ക് അതിൽ കുറച്ചു ഉള്ള വിദ്യാഭ്യാസം മതി.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഒരു മതസംഘടന ഉണ്ടാക്കിയ ഒരു ചിത്രം ദേശീയതയുടെ ഭാഗമായി അംഗീകരിക്കണം എന്നതാണ് താങ്കൾ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസമെങ്കിൽ സോറി സാർ, ഞങ്ങൾക്ക് അതിൽ കുറച്ച് വിദ്യാഭ്യാസം മതി.
ദളിതന് ഒരേ കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ അനുവദിക്കാത്ത, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവനെ തല്ലിക്കൊല്ലുന്ന സംവിധാനം നിലനിൽക്കുന്നതാണ് താങ്കൾ ഉദ്ദേശിച്ച വിദ്യാഭ്യാസമെങ്കിൽ ഞങ്ങൾക്ക് അതിൽ കുറച്ച് വിദ്യാഭ്യാസം മതി.
ഏറ്റവും ദരിദ്രനായ കുട്ടിക്ക് പോലും സൗജന്യമായി വിദ്യാഭ്യാസം ഉറപ്പ് നൽകുന്നതാണ് താങ്കൾ ഉദ്ദേശിച്ച വിദ്യാഭ്യാസ കുറവ് എങ്കിൽ ഞങ്ങൾ അതിൽ സംതൃപ്തരാണ്.
ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയ കലാപം ഉണ്ടാക്കാത്തതാണ് കേരളത്തിൻറെ വിദ്യാഭ്യാസ കുറവ് എങ്കിൽ ഞങ്ങൾ അതിൽ അഭിമാനിക്കുന്നു.
അദാനിക്കും അംബാനിക്കും മുന്നിൽ മുട്ടുമടക്കാത്തതാണ് കേരളത്തിൻറെ വിദ്യാഭ്യാസക്കുറവ് എങ്കിൽ ഞങ്ങൾ അതിൽ സന്തുഷ്ടരാണ്.
പാവപ്പെട്ടവനും പണക്കാരനും ദളിതനും ആദിവാസിയും സവർണ്ണനും ഒരേ മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെ പോരായ്മ എങ്കിൽ ഞങ്ങൾ അത് ആഘോഷിക്കുന്നു.












Click it and Unblock the Notifications