ആഭ്യന്തര മന്ത്രിയുടെ അമേരിക്കൻ യാത്ര, ചിലവ് സർക്കാർ വകയാണോ? മറുപടിയുമായി രമേശ് ചെന്നിത്തല
അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഏതാനും ദിവസങ്ങളായി ചെന്നിത്തല കുടുംബത്തിനൊപ്പം അമേരിക്കയിലാണ്. അമേരിക്കയിൽ നിന്നുളള ചിത്രങ്ങൾ പുറത്ത് വന്നതോടെ ആഭ്യന്തര മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായി സർക്കാർ കടം എടുത്ത് കൊണ്ടിരിക്കുമ്പോൾ ആഭ്യന്തര മന്ത്രി സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയി എന്നാണ് വിമർശനം. എന്നാൽ താൻ അമേരിക്കയിൽ പോയത് ആരുടെ ചിലവിലാണ് എന്നത് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ: '' ഞാനിപ്പോള്‍ ചിക്കാഗോയിലാണ്. ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയില്‍ ഉണ്ടായിരുന്ന ഫെലിക്‌സ് സൈമണിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഞാനും ഭാര്യയും ഇവിടെ വന്നത്. ഞാന്‍ കോട്ടയത്ത് എംപിയായിരിക്കുന്ന കാലം മുതലുളള ബന്ധമാണ് അവരോട് എനിക്കുളളത്. ഏതാണ്ട് മൂന്നര പതിറ്റാണ്ട് കാലത്തെ ബന്ധം.

അദ്ദേഹത്തിന്റെ മകന്റെ കല്യാണത്തിന് വേണ്ടി ഞാന്‍ ഇവിടെ വന്നപ്പോള്‍ സ്വാഭാവികമായും പ്രവാസി മലയാളികളായിട്ടുളള സുഹൃത്തുക്കളുമായി സംസാരിക്കും, അവരുടെ പരിപാടികളില്‍ പങ്കെടുക്കും. ഐഒസിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവരുടെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു. അതോടൊപ്പം തന്നെ ചിക്കാഗോയിലെ സോഷ്യല്‍ ക്ലബ്ബിന്റെ പരിപാടിയില്‍ പങ്കെടുത്തു.
അതിനിടയിലാണ് ലോകമെമ്പാടും അറിയപ്പെടുന്ന ഇന്ത്യയ്ക്ക് ഏറ്റവും പ്രിയങ്കരനായ, ടെലികോം വിപ്ലവത്തിന് നേതൃത്വം കൊടുത്ത സാം പിട്രോഡയുടെ വീട്ടില്‍ പോയത്. എന്നോടൊപ്പം മോന്‍സ് ജോസഫ് ഉണ്ടായിരുന്നു, ജോസ് കെ മാണി എംപിയുണ്ടായിരുന്നു, പന്തളം സുധാകരനും ഉണ്ടായിരുന്നു, അന്‍വര്‍ സാദത്തും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലെ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമാണ് കാണാന്‍ പോയത്. സര്‍ക്കാര്‍ ചിലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചിലവിലാണ്''.



Click it and Unblock the Notifications
