എംവി ഗോവിന്ദന്‍ സംസാരിക്കുന്നത് സിപിഎമ്മിന്റെ ആദർശങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചുകൊണ്ട്: ചെന്നിത്തല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇപ്പോഴത്തെ പ്രധാന ജോലി അഴിമതിക്കാരെ ന്യായീകരിക്കലാണെന്ന് രമേശ് ചെന്നിത്തല. അഴിമതിക്കെതിരെയാണ് ഞങ്ങൾ എന്ന വാമൊഴി ഉയർത്തി കൊടിയ അഴിമതിക്കാരെ ന്യായീകരിക്കുകയും ചെയ്യുക വഴി ഗോവിന്ദൻ മാഷ് ഇരിക്കുന്ന പദവിയുടെ മാന്യത കളഞ്ഞുകുളിക്കുകയാണ്. സിപിഎമ്മിന്റെ ആദർശങ്ങൾ ഏതോ വഴിയിൽ ഉപേക്ഷിച്ചു കൊണ്ടാണ് എംവി ഗോവിന്ദൻ അടുത്ത കാലത്ത് സംസാരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
എ ഐ ക്യാമറ ഇടപാടിൽ നഗ്നമായ അഴിമതിയുണ്ടെന്ന് തെളിവുകൾ സഹിതം ഞാൻവിളിച്ചു പറഞ്ഞപ്പോൾ കേരളം അക്കാര്യത്തിൽ കൃത്യമായ ചർച്ചക്ക് തുടക്കമിട്ടു. കേരളം കണ്ട വമ്പൻ അഴിമതിയിൽ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ബന്ധുക്കളും പ്രതികൂട്ടിൽ നിൽക്കുകയാണ്. നാളിതു വരെയായിട്ടും ഒരു പ്രതികരണവും നടത്താതെ മുഖ്യമന്ത്രി മൗനം തുടരുകയാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത് ? ഉത്തരം ഇന്നും ദുരൂഹമാണ്.

ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിന്റെ പ്രധാന ജോലി അഴിമതിക്കാരെ ന്യായീകരിക്കുക, വെള്ളപൂശുക എന്നുള്ളതാണ്. അഴിമതിക്കെതിരെയാണ് ഞങ്ങൾ എന്ന വാമൊഴി ഉയർത്തി കൊടിയ അഴിമതിക്കാരെ ന്യായീകരിക്കുകയും ചെയ്യുക വഴി ഗോവിന്ദൻ മാഷ് ഇരിക്കുന്ന പദവിയുടെ മാന്യതയാണ് കളഞ്ഞുകുളിക്കുന്നത്.
പരീക്ഷ തട്ടിപ്പു കേസിൽ എസ്എഫ്ഐ നേതാക്കളെ ന്യായീകരിക്കുകയും പരീക്ഷാ തട്ടിപ്പും പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവർത്തകരെ വേട്ടയാടുകയും ചെയ്യുന്നത് ഒരു പാർട്ടി സെക്രട്ടറിക്ക് ചേർന്ന പണിയാണോ. മാധ്യമ സ്വാതന്ത്ര്യത്തെ വിലക്കുന്ന നടപടിക്ക് നേതൃത്വം നൽകുന്ന സിപിഎം സെക്രട്ടറി നരേന്ദ്ര മോദിയുടെ ശിഷ്യഗണത്തിലാണെന്ന് തോന്നുന്നു.
പരീക്ഷാ തട്ടിപ്പു കേസിലെ പ്രതി ആർഷോ നൽകിയ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ ഗുഢാലോചന കേസ് ചുമത്തുക വഴി അഭിപ്രായം പറയുന്നവരെ അഴിക്കുള്ളിലാക്കും എന്ന സന്ദേശമാണ് നൽകുന്നത്.
സിപിഎമ്മിന്റെ ആദർശങ്ങൾ ഏതോ വഴിയിൽ ഉപേക്ഷിച്ചു കൊണ്ടാണ് എം.വി ഗോവിന്ദൻ സംസാരിക്കുന്നത്. പാവപ്പെട്ടവന്റെ പാർട്ടിയെന്നത് പറച്ചിലിൽ മാത്രമാക്കി ആടിനെ ഇലക്കാട്ടി കൊണ്ടു നടക്കും പോലെ ജാഥക്ക് നീളം കൂട്ടാനുള്ള കൂലി തൊഴിലാളികളാക്കി മാത്രം അണികളെ മാറ്റിയ എം വി ഗോവിന്ദൻ മാഷിന്റെ ഇപ്പോഴത്തെ നിലപാടുകളും ന്യായീകരണങ്ങളും സൂചിപ്പിക്കുന്നത് സിപിഎമ്മിന്റെ മുല്യശോഷണത്തെയാണ്.












Click it and Unblock the Notifications